മക്കളുടെ സുരക്ഷക്കായി സ്‌കൂൾ മുറ്റത്ത് മനുഷ്യച്ചങ്ങലയുമായി രക്ഷിതാക്കൾ..
കണമല : കാലപഴക്കത്താൽ ജീർണാവസ്ഥയിലായ സർക്കാർ സ്‌കൂൾ കെട്ടിടം കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ , തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാൻ സ്‌കൂൾ മുറ്റത്ത് മനുഷ്യച്ചങ്ങല തീർത്തു. കുട്ടികൾ പഠിക്കുന്നത് 70 വർഷം പഴക്കമായ കെട്ടിടത്തിലാണ് . പൂർവ വിദ്യാർത്ഥികൾ സ്ഥലം വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും പുതിയ കെട്ടിടം നിർമിക്കാത്തതിൽ പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കൾ പരസ്പരം കൈകൾ കോർത്ത് സ്‌കൂൾ മുറ്റത്ത് മനുഷ്യച്ചങ്ങല തീർത്തു. പമ്പാവാലി കിസുമം യു പി സ്‌കൂളിന്റെയും ഹൈസ്‌കൂളിന്റെയും കെട്ടിടങ്ങളാണ് അപകട സ്ഥിതിയിൽ തുടരുന്നത് . പരാതികളും നിവേദനങ്ങളും നൽകിയിട്ട് ഫലം ഇല്ലാതായതോടെയാണ് സ്കൂൾ വളപ്പിൽ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു പ്രതിഷേധം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
മനുഷ്യച്ചങ്ങല പിടിഎ പ്രസിഡന്റ് സിബി അഴകത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ടി കെ രാജൻ, സ്കൂൾ പ്രിൻസിപ്പൽ വി വിജേഷ്, ലിയോ ജോസ്, ജോസ് സ്കറിയ, ഷെബിൻ, എസ്.നിഷ, ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു. യു പി, ഹൈസ്‌കൂൾ എന്നിവയ്ക്ക് ഒപ്പമുള്ള ഹയർ സെക്കണ്ടറി വിഭാഗത്തിനും എൽ പി സ്‌കൂളിനും പുതിയ കെട്ടിടമാണ്. യു പി വിഭാഗത്തിന്റെയും ഹൈസ്‌കൂളിന്റെയും കെട്ടിടങ്ങൾ പൊളിഞ്ഞു വീഴാവുന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. ക്ലാസ് മുറികളിൽ അപകടം ഉണ്ടാകുമോ എന്ന് അദ്ധ്യാപകരും ആശങ്കയിലാണ്. ശുചിമുറികളും തകർച്ചയിലാണ്.
ആശാൻ കളരിയായി തുടങ്ങിയതാണ് കിസുമത്ത് സ്കൂൾ. 1954 ൽ പ്രൈമറിയും 1964 ൽ അപ്പർ പ്രൈമറിയും അനുവദിച്ചു.1984 ൽ ഹൈസ്കൂളും 2004 ൽ ഹയർ സെക്കൻഡറിയുമായി. ആദിവാസി ഗോത്രവർഗ വിഭാഗത്തിലുള്ള കുട്ടികൾ അടക്കം പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന ഇവിടെ കഴിഞ്ഞ 12 വർഷമായി തുടർച്ചയായി എസ്എസ്എൽസി ക്ക് 100 ശതമാനം വിജയമാണ്. ഇപ്പോൾ കുട്ടികളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ ആണ് യു പി, ഹൈസ്‌കൂൾ കെട്ടിടങ്ങൾ എന്ന് രക്ഷിതാക്കൾ പറയുന്നു. പൂർവ വിദ്യാർഥികൾ 20 സെന്റ് സ്ഥലം പുതിയ കെട്ടിടം നിർമിക്കുന്നതിനു വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അവിടെ പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് സർക്കാർ അനുവദിച്ചാൽ കുട്ടികൾക്ക് സ്പോർട്സ് ഗ്രൗണ്ടായി കളി സ്ഥലവും ഒരുക്കാനാകുമെന്ന് രക്ഷിതാക്കൾ പറയുന്നു.
ശബരിമല വനമേഖലയിൽ കുട്ടികൾക്ക് ഹയർസെക്കൻഡറി വരെ പഠിക്കുന്നതിനുള്ള ആകെയുള്ള സ്കൂളുകൾ ആണ് കിസുമത്തെ ഈ സർക്കാർ സ്കൂൾ വിഭാഗങ്ങൾ. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല. കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടുന്ന പൂവ് സർഗ്ഗവേദിയും മികച്ച തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടുകൊണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പത്രവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വാർത്താചാനലും സ്കൂളിലുണ്ട്. പ്ലസ് വൺ അഡ്മിഷന് കുട്ടികൾ കൂടിയ സ്കൂളുകളിൽ 16 ശതമാനം കുട്ടികളെ ഇപ്രാവശ്യം പുതുതായി എത്തിച്ചു കൊണ്ട് ഒന്നാം സ്ഥാനം ഗവ. എച്ച്എസ്എസ് കിസുമത്തിന് ആണ് ലഭിച്ചത്. 70 വർഷം പഴക്കമുള്ള ജീർണ്ണിച്ച് ഏത് നിമിഷവും നിലം പറ്റാവുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ മനുഷ്യച്ചങ്ങല പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
