കിണർവെള്ളത്തിൽ ക്ലോറൈഡ്; ശുദ്ധജലമില്ലാതെ 50 വീട്ടുകാർ
കോരുത്തോട്: കിണറ്റിൽ ക്ലോറൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കോരുത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ 50 കുടുംബങ്ങൾ ശുദ്ധജലമില്ലാതെ ദുരിതത്തിലായി. പഞ്ചായത്തിലെ 12, 13 വാർഡുകളുടെ അതിർത്തിയിലെ പാറമട ടോപ്പ് പന്തുകളം ഭാഗത്തെ കിണറ്റിലാണ് ക്ലോറൈഡ് കണ്ടെത്തിയത്. ആറ് മാസം മുൻപാണ് കിണർവെള്ളത്തിന് നിറംമാറ്റം ഉണ്ടായത്. വെള്ളത്തിന് ദുർഗന്ധം കൂടിയതോടെ പരിശോധനയ്ക്കയച്ചു. ക്ലോറൈഡ്, അമോണിയ എന്നിവയുടെ സാന്നിധ്യം കൂടുതലായതിനാലാണ് ജലം മലിനമായതെന്ന് കണ്ടെത്തി. വെള്ളം വറ്റിക്കുകയും കിണർ വൃത്തിയാക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വെള്ളത്തിന്റെ നിറം മാറുകയും പഴയ രീതിയിൽ മലിനമാകുകയും ചെയ്തു. വീണ്ടും പരിശോധനയ്ക്ക് അയച്ചുവെങ്കിലും വെള്ളം ഉപയോഗിക്കാൻ പറ്റിെല്ലന്ന രീതിയിലാണ് പരിശോധനാഫലം.
കടുത്ത വേനലിൽ പോലും വറ്റാത്ത കിണറ്റിൽനിന്നാണ് പ്രദേശവാസികൾ വെള്ളം ശേഖരിച്ചിരുന്നത്. സമീപത്തെ ചകിരിമേട് വരെ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ എത്തുന്നുണ്ട്. പൈപ്പുലൈൻ പ്രദേശത്തേക്ക് നീട്ടുകയോ പുതിയ കുഴൽകിണർ നിർമിക്കുകയോ ചെയ്തെങ്കിൽ മാത്രമേ കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകൂവെന്ന് നാട്ടുകാർ പറയുന്നു.
