KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സുരക്ഷാ, ആരോഗ്യപ്രശ്നം; പി.സി.ജോർജിനെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്കു മാറ്റി

∙ മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കോടതി റിമാൻഡ് ചെയ്ത മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർ‌ജിനെ ജില്ലാ ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി. പൂജപ്പുരയിലെ ആശുപത്രി സെല്ലിലേക്കാണ് മാറ്റിയത്. പി.സി.ജോർജിന്റെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജില്ലാ ജയിലിൽനിന്നു തൊട്ടടുത്തുള്ള സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ജില്ലാ ജയിലിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല.

ആശുപത്രി സെല്ലിൽ ഒരു കട്ടിൽ, ചെറിയ മേശ, കസേര എന്നിവയാണ് പി.സി.ജോർജിനു നൽകിയത്. വൈകിട്ട് കഴിക്കാനായി ചപ്പാത്തിയും വെജിറ്റബിൾ കറിയും കൊടുത്തു. സെല്ലിൽ വായിക്കാനായി മാസികകളും ലഭ്യമാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു.

രാവിലെ 10 മണിയോടെയാണ് പി.സി.ജോർജിനെ ജില്ലാ ജയിലിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മറ്റു തടവുകാരോടൊപ്പം അഡ്മിഷൻ സെല്ലിലാക്കി. നിരീക്ഷിക്കാൻ പൊലീസുകാരെയും ചുമതലപ്പെടുത്തി. ഉച്ചയ്ക്കു ജയിൽ ഭക്ഷണമാണ് നൽകിയത്. ചോറ്, സാമ്പാർ, അവിയല്‍, തൈര് എന്നിവയാണ് വ്യാഴാഴ്ച ജയിലിലെ ഉച്ച ഭക്ഷണം. വൈകിട്ടു ചായ നൽകി.

തിരുവനന്തപുരത്തെ ഹിന്ദുമഹാ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പി.സി.ജോർജിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. പി.സി.ജോർജ് ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയെങ്കിലും കോടതി നാളെ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

error: Content is protected !!