പാക്കാനം ഇഞ്ചക്കുഴിയിൽ വളർത്തുനായയെ കൊന്നത് പുലിയെന്ന് വനം വകുപ്പ് ഉറപ്പിച്ചു.
പുഞ്ചവയൽ : വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ തെളിവുകൾ ലഭിച്ചതോടെ , വനാതിർത്തിയിലെ ജനവാസ മേഖലയായ പാക്കാനം ഇഞ്ചകുഴിയിൽ വളർത്തുനായയെ കൊന്നത് പുലിയെന്ന് വനം വകുപ്പ് ഉറപ്പിച്ചു. രണ്ടാംഘട്ടമായി കൂട് സ്ഥാപിക്കാനുള്ള നടപടികൾ ആകും ഇനി വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുക. പ്രദേശത്ത് നിഅവധി നായ്ക്കളെയും പൂച്ചകളെയും പുലി പിടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു . കാട്ടുമൃഗങ്ങളുടെ ശല്യം മൂലം പൊറുതിമുട്ടിയെന്ന് പ്രദേശവാസികൾ പറയുന്നു .
കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടിയിരുന്ന വളർത്തു നായയെ ആണ് ശനിയാഴ്ച രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് വീടിനു സമീപം വനം വകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു ഈ ക്യാമറകളിലെ മെമ്മറി കാർഡുകൾ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോവുകയും ചെയ്തു. കാൽപ്പാടുകൾ പുലിയുടെതെന്ന് വനവകുപ്പ് സ്ഥിതീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇനി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ ഉള്ള ശ്രമങ്ങൾ ആകും ഉണ്ടാവുക.. രണ്ടാഴ്ച മുൻപ് ഇതിനു സമീപം കൊടുങ്ങാട്ടുശേരിയിൽ രാജന്റെ നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
വനാതിർത്തിയിലെ സോളർ വേലി പ്രവർത്തനരഹിതമാണ്. ഇതോടെ വനത്തിൽനിന്നു മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവായി. കഴിഞ്ഞ ദിവസം ചെന്നായ മ്ലാവിനെ ഓടിച്ച് ജനവാസ മേഖലയിൽ എത്തിയതായി നാട്ടുകാരൻ കുഞ്ഞുമോൻ പറയുന്നു. ഇഞ്ചക്കുഴി മുതൽ ഇടുക്കി കവല വരെ ഭാഗത്താണ് വനാതിർത്തിയിൽ സുരക്ഷ ഇല്ലാത്തത്. ഇഞ്ചക്കുഴിക്കു സമീപം വരെ കിടങ്ങ് നിർമിച്ചിട്ടു ണ്ട്. തുടർന്നുള്ള ഭാഗത്ത് ഹാങ്ങിങ് സോളർവേലി നിർമിക്കാൻ പദ്ധതി ഉണ്ടെങ്കിലും പൂർത്തിയായിട്ടില്ല.
