എരുമേലിയിലെ നിർദ്ദിഷ്ട എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളം ആറന്മുളയ്ക്ക് മാറ്റുവാൻ ചരടുവലികൾ ; കവചമൊരുക്കി കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ റോണി കെ. ബേബി.
എരുമേലി : ഒരു പതിറ്റാണ്ടിലേറെ കാലമായി എരുമേലി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിർദ്ദിഷ്ട എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളം , അവിടെ നിന്നും മാറ്റി ആറന്മുളയിലേക്ക് കൊണ്ടുപോകുവാൻ ചിലർ ചരടുവലികൾ നടത്തുന്നുവെന്ന വാർത്ത പ്രദേശവാസികൾ ഞെട്ടലോടെയാണ് കേട്ടത് . എന്നാൽ നിർദ്ദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ റോണി കെ ബേബി മുഖ്യമന്ത്രിക്ക് കത്ത് നൽകി . അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ചകൾ നടത്തുമെന്നും, നിർദ്ദിഷ്ട ശബരിമല എയർപോർട്ട് എരുമേലിയിൽ തന്നെ നിലനിർത്തുവാൻ പരമാവധി ശ്രമിക്കുമെന്ന് എൽ.എൽ.എ പറഞ്ഞു.നിർദ്ദിഷ്ട എരുമേലി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് , കൂടുതലും പൂഞ്ഞാർ നിയോജക മണ്ഡലത്തിലാണെങ്കിലും, ഒരു ഭാഗം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നുണ്ട് .
ആറന്മുള വിമാനത്താവളത്തിനായി പദ്ധതി പ്രദേശത്ത് ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്‌റ്റ് പ്രസിഡന്റ്മായ ഏബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തി. സ്വകാര്യ സ്‌ഥാപനമാണ് സർവേ നടത്തിയത്. തന്റെ പക്കൽ 400 ഏക്കർ ഉണ്ടെന്നും ആയിരം ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർഥ്യമാകുമെന്നും ഏബ്രഹാം കലമണ്ണിൽ പറഞ്ഞു. അതേസമയം, പദ്ധതിയെ ശക്‌തമായി എതിർക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരനും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രക്ഷോഭം നേരിട്ട പദ്ധതിയാണിത്. വൻതോതിൽ പുഞ്ചപ്പാടം നികത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും പറഞ്ഞിരുന്നു. 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധത റദ്ദാക്കി. ഈ ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചിരുന്നു.
ആറന്മുളയിൽ വർഷങ്ങൾക്ക് മുൻപ് എയർപോർട്ടിനായി ചർച്ചകൾ നടത്തുകയും, പിന്നീട് 2014 -ൽ പ്രൊജക്റ്റ് ഉപേക്ഷിക്കുകയും ചെയ്ത സ്ഥലത്തിന്റെ ഭൂ ഉടമ എബ്രഹാം കലമണ്ണിൽ ആറന്മുള വിമാനത്താവള പദ്ധതിക്കായി ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും ഡ്രോൺ സർവ്വേ നടത്തിയതോടെയാണ് വിവാദവും കനത്തത്. രണ്ടാംഘട്ട സർവേക്കായി കമ്പനി വീണ്ടും എത്തുമെന്നും നിലവിൽ പദ്ധതി മേഖലയിൽ തന്റെ 400 ഏക്കർ ഭൂമിയുണ്ടെന്നും അദ്ദേഹം വിവരിച്ചു. ഇനി ആയിരം ഏക്കർ കൂടി കണ്ടെത്തണം. ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാകണം പദ്ധതി യാഥാർത്ഥ്യമാക്കം. ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്താനാണ് സർവ്വേ നടത്തിയത് എന്നും എബ്രഹാം കലമണ്ണിൽ വിവരിച്ചു.
2004 ലാണ് എബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. വി എസ് സർക്കാരിന്റെ കാലത്ത് തത്വത്തിൽ അനുമതി ലഭിച്ചു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. പിന്നീട് ആറന്മുളയിൽ ഉണ്ടായത് വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. 2014 മെയ് മാസത്തിൽ ഹരിത ട്രിബ്യൂണൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്‍റെ നിലപാട് ശരിവെച്ചതോടെ നടപടികൾ എല്ലാം മുടങ്ങി. ഭൂ ഉടമ എബ്രഹാം കലമണലിന്റെ കയ്യിലുള്ള ഭൂമിയടക്കം മിച്ച ഭൂമിയായും പ്രഖ്യാപിച്ചു. ഇതിന് എതിരായ കേസുകൾ ഹൈക്കോടതിയിൽ നടക്കുന്നു. ഈ മാസം 16 ന് കേസ് പരിഗണിക്കുന്നുമുണ്ട്. സർക്കാർ അംഗീകൃത ഏജൻസി എത്തിച്ച വീണ്ടും പാരിസ്ഥിതിക സർവ്വേ നടത്താനുള്ള നീക്കം റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയിൽ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് അറിവ്. അതേസമയം പദ്ധതി മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ല. പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എരുമേലിയിൽ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കർ സ്വകാര്യ ഭൂമിയും ആണ് നിർദിഷ്‌ട വിമാനത്താവള പദ്ധതിയ്ക്ക് വേണ്ടി ഏറ്റെടുക്കാൻ ഉത്തരവുള്ളത്. എന്നാൽ എസ്റ്റേറ്റിന്റെ ഉടമസ്ഥ അവകാശ തർക്കത്തിൽ കഴിഞ്ഞ സർക്കാർ പാലാ സബ് കോടതിയിൽ തോറ്റതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇത് സംബന്ധിച്ച് നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ പരിഗണനയിലാണ്. ഏറ്റവും പുതിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പ്രകാരം പദ്ധതിയുടെ ആകെ ചിലവ് മുൻപ് കണക്കാക്കിയ 3,411 കോടി രൂപയിൽ നിന്നും 7,047 കോടി രൂപയായി വർദ്ധിച്ചിട്ടുള്ളതാണ്.
നിർദ്ദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ റോണി കെ ബേബി മുഖ്യമന്ത്രിക്ക് കത്ത് നൽകി. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് , ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു .
