മേലേ പാറമട… താഴ്‌വരയിൽ ഭീതിയോടെ നിരവധി കുടുംബങ്ങൾ

 

ചെമ്പകപ്പാറ പാറമടയുടെ താഴ്വരയായ ചരള പ്രദേശത്തെ വീട്ടിൽനിന്നു പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തുന്നു 

മലിനജലം ജനവാസമേഖലയിലേക്ക് 

എരുമേലി: കൊടിത്തോട്ടം ചെമ്പകപ്പാറ എസ്റ്റേറ്റിലെ പാറമട, താഴ്‌വാരത്തെ നിരവധി കുടുംങ്ങളെ ഭീതിയിലാക്കുന്നു. പാറമടയിൽനിന്നു രാസമാലിന്യം കലർന്ന വെള്ളം ജനവാസമേഖലയിലേക്കെത്തുന്നതും കാലവർഷങ്ങളിൽ മണ്ണിടിച്ചിലുണ്ടാകുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. പാറമടയുടെ താഴ്‌വാരത്ത് 25-ലേറെ കുടുംബങ്ങൾ ഉണ്ട്. പണ്ട് വിസ്തൃതമായിരുന്ന മല പാറഖനനത്തിലൂടെ ഇല്ലാതായി പ്രദേശത്തിന്റെ തറനിരപ്പിൽനിന്നു താഴ്‌ന്നിരിക്കുകയാണ്. രണ്ടേക്കറിൽപരം വിസ്തൃതി വരുന്ന മടയിൽ ഖനനശേഷം ഉപയോഗ്യമല്ലാത്ത കല്ലും മണ്ണും കൂടിക്കിടക്കുന്നു. മഴക്കാലത്ത് മടയിൽനിന്നു മലിനവെള്ളം കൃഷിയിടങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കുമാണ് എത്തുന്നത്. മഴ ശക്തമാകുന്നതിനാൽ ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങളുടെ ഭീതിയിലാണ് ചരള നിവാസികൾ. 

കഴിഞ്ഞ വർഷം ജൂലായ്‌ മാസവും മഴക്കാലത്ത് വെള്ളം മണ്ണിലിറങ്ങി മൺതിട്ടയിടിഞ്ഞ് താഴ്‌വാരത്തെ രണ്ട് വീടുകൾക്ക് ഭാഗികനാശവും രണ്ട് വീടുകളുടെ സംരക്ഷണഭിത്തി തകരുകയും ചെയ്തു. ഗ്രാമവാസികൾക്ക് ഭീഷണിയാകുന്ന പാറമടയ്‌ക്കെതിരേ നാട്ടുകാർ പാറമട വിരുദ്ധ സമിതി രൂപവത്കരിച്ച് പ്രതിഷേധങ്ങൾ നടത്തി വരുകയാണ്. 

പാറമടയുടെ പ്രവർത്തനം നിർത്തലാക്കണമെന്നും എങ്ങനെ ലൈസൻസ് കിട്ടിയെന്നും വിശദമായ അന്വേഷണം വേണമെന്നും പാറമട വിരുദ്ധ സമിതി പറയുന്നു. 

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനം-പരിശോധകസംഘം

എരുമേലി ചെമ്പകപ്പാറയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാറമടയുടെ പ്രവർത്തനമെന്ന് പരിസ്ഥിതി ആഘാത സമിതിയുടെ കണ്ടെത്തൽ. പാറമടയ്ക്ക് ലൈസൻസ് നേടാൻ പാലിക്കേണ്ട നിർദേശങ്ങളിൽ പലതും പാലിച്ചിട്ടില്ല. ജനവാസമേഖലയിൽ പാറമട ഉയർത്തുന്ന ഭീഷണി സംബന്ധിച്ച് പാറമട വിരുദ്ധ സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരമാണ് വെള്ളിയാഴ്ച എൻവയൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ഓരോ വീടുകളിലും നേരിട്ടെത്തി പരാതികൾ മനസ്സിലാക്കുകയും, പാറമടയിൽ പരിശോധന നടത്തിയുമാണ് സംഘം മടങ്ങിയത്. കെ. കൃഷ്ണ പണിക്കർ, ഡോ.എൻ. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

പാറമടയുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്നും നിരവധി കാര്യങ്ങളിൽ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും കെ. കൃഷ്ണപണിക്കർ പറഞ്ഞു. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉന്നത അധികാരികൾക്ക് നൽകും.

error: Content is protected !!