കോവിഡ് ലോക്ക് ഡൗൺ പ്രതിസന്ധി : തിരക്കൊഴിഞ്ഞു, ബസിലെ കച്ചവടക്കാർ സ്റ്റാൻഡ് വിട്ടു
മുണ്ടക്കയം: ബസുകളുടെ ഓട്ടം കുറഞ്ഞതോടെ വറ്റിപ്പോയത് ഇവരുടെ ജീവിതത്തിന്റെ ഇന്ധനമാണ്. ബസുകൾക്കുള്ളിൽ ഭക്ഷണപദാർഥങ്ങളും ദാഹജലവും പഴവർഗങ്ങളും വിറ്റ് ഉപജീവനമാർഗം നടത്തിവന്നിരുന്ന നിരവധിയാളുകളാണ് കെ.കെ.റോഡ് കടന്നുപോകുന്ന വിവിധ പട്ടണങ്ങളിലുള്ളത്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഇത്തരം കച്ചവടം സജീവമായിരുന്നത്.
അതിരാവിലെ സ്റ്റാൻഡുകളിലെത്തി രാത്രി വൈകുംവരെ വിൽപ്പന നടത്തുന്നതാണ് രീതി. മിക്കവരും വർഷങ്ങളായി ഈ രംഗത്തുള്ളവർ. സ്ഥിരയാത്രികർക്ക് ഇവരെ അറിയുകയും ചെയ്യാം. വിൽക്കുന്ന വസ്തുക്കളുടെ നിലവാരമാണ് ഇവരുടെ കച്ചവടത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നത്. മോശം സാധനം കൊടുത്താൽ പിറ്റേന്ന് കച്ചവടം ഉണ്ടാകില്ല. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളായിരുന്നു ഇതിൽ പ്രധാനം. ബസുകൾ ഇളവ് കിട്ടി ഓാടിത്തുടങ്ങിയിട്ടും യാത്രികർ നാമമാത്രമാണ്.
അവർതന്നെ പുറത്തുനിന്ന് ഒരു വസ്തു വാങ്ങുന്നുമില്ല. കോവിഡ് ഭീതിയുള്ളതിനാൽ വാങ്ങാത്തവരുമുണ്ട്. ഓരോ സ്റ്റാൻഡിലും ശരാശരി 30 പേരെങ്കിലും ഈ രംഗത്തുണ്ടായിരുന്നു. മറ്റ് തൊഴിൽമേഖലകളും അടഞ്ഞതിനാൽ ഇവർക്ക് മുൻപിൽ സാധ്യതകളില്ല.