എരുമേലി ബസ് സ്റ്റാൻഡിൽ സഹോദരങ്ങളെ തെരുവുനായ ആക്രമിച്ചു.
എരുമേലി : തിരുവനന്തപുരം സ്വദേശികളും വിദ്യാർത്ഥികളുമായ സഹോദരനും സഹോദരിക്കും നേരെ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെയ്റ്റിംഗ് ഷെഡിനുള്ളിൽ വെച്ച് തെരുവുനായകളുടെ ആക്രമണം. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് സംഭവം. തിരുവനന്തപുരം അശ്വതി ഭവനിൽ ഐശ്വര്യ (21), സഹോദരൻ അരുൺ (19) എന്നിവർക്കാണ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വെച്ചൂച്ചിറ പോളിടെക്നിക്കിൽ അഡ്മിഷൻ എടുത്ത ശേഷം എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നാട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് നായകൾ ആക്രമിച്ചത്. ഇരുവരുടെയും കാലുകളിൽ നായകൾ കടിച്ചു വലിച്ചു താഴെയിട്ടു. ഇവരുടെ ഉറക്കെയുള്ള നിലവിളി കേട്ട് കെഎസ്ആർടിസി ജീവനക്കാർ എത്തി നായകളെ തുരത്തി ഓടിയ്ക്കുകയായിരുന്നു. നായകളുടെ കടിയേറ്റ് ജീൻസ് കീറി കാലുകളിൽ മുറിവിലൂടെ രക്തം വാർന്ന നിലയിൽ ഇരുവരെയും എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും നായയുടെ കടിയേറ്റാൽ ആദ്യം നൽകേണ്ട രണ്ട് വാക്സിനുകളിൽ ഒന്ന് മാത്രം ആണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ വാക്സിൻ വീട്ടിൽ ചെന്ന ശേഷം എടുക്കാമെന്ന് വിദ്യാർത്ഥികൾ അറിയിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങി.
എരുമേലി ബസ് സ്റ്റാൻഡിൽ അലഞ്ഞു തിരിഞ്ഞു നിരവധി തെരുവ് നായകൾ ആണ് ഉള്ളത്. ഇവയെ പിടികൂടി നീക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പരാതികൾ നിരവധി തവണ ഉയർന്നിട്ടും പരിഹാരമുണ്ടായിട്ടില്ല.
