ആഴ്ചയിൽ മൂന്നുദിവസം മാത്രം ബാങ്കുകൾ തുറക്കുന്നത് ബുദ്ധിമുട്ട് ; എല്ലാ പ്രവൃത്തിദിനങ്ങളിലും ബാങ്ക് തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു
ലോക്ഡൗൺ ഇളവുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം സംസ്ഥാനത്തെ ബാങ്ക് ശാഖകൾ പ്രവർത്തിക്കുന്നത് വ്യാപാരികൾക്കും വ്യവസായികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ദിവസങ്ങളിൽ ബാങ്ക് ശാഖകളുടെ മുന്നിൽ തിരക്ക് പതിവാകുകയാണ്. ഇതിനിടെ, വായ്പ പുനഃക്രമീകരണം പോലുള്ള സങ്കീർണമായ ജോലികൾ നിർവഹിക്കാൻ ജീവനക്കാർക്ക് കഴിയാതെ പോകുന്നു.
രണ്ടു മാസത്തിനുള്ളിൽ ബിസിനസ് വായ്പകൾ ഉൾപ്പെടെ നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ചില്ലെങ്കിൽ അത് വായ്പയെടുത്തവർക്ക് വലിയ ബാധ്യതയായിമാറും. ബാങ്കുകൾക്കാകട്ടെ, കിട്ടാക്കട സാധ്യത കൂടും. കച്ചവടങ്ങളുടെ പണലഭ്യതയെപ്പോലും നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓരോ ദിവസത്തെയും കളക്ഷൻ ബാങ്കിൽ നിക്ഷേപിക്കാനോ അത്യാവശ്യത്തിന് പണമെടുക്കാനോ വ്യാപാരികൾക്ക് പലപ്പോഴും കഴിയുന്നില്ല.
ഈ സാഹചര്യത്തിൽ തിങ്കൾ മുതൽ വെള്ളി വരെ എല്ലാ പ്രവൃത്തിദിനങ്ങളിലും ബാങ്ക് ശാഖകൾ പൊതുജനങ്ങൾക്കായി പ്രവർത്തിപ്പിക്കാനാകുന്ന തരത്തിൽ ലോക്ഡൗൺ നയത്തിൽ ഇളവ് അനുവദിക്കണമെന്ന് വ്യവസായ സംഘടനകൾ ആവശ്യപ്പെടുന്നു.