ആശ്വാസം : കോട്ടയം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞെങ്കിലും മരണസംഖ്യ 562 മാത്രം

മറ്റ് ജില്ലകളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും കോട്ടയത്തിന് ആശ്വസിക്കാം. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയിൽ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി ഒന്പതിനും പത്തിനുമിടയിലാണ്. രോഗികളുടെ എണ്ണവും 700-ൽ താഴെയാണ്. രോഗികളിൽ കൂടുതൽ പേരും വീടുകളിൽ ചികിത്സ തേടുന്നതിനാൽ ആശുപത്രികളിലെ തിരക്ക് കുറഞ്ഞിട്ടുണ്ട്.

മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയെത്തുന്ന കോവിഡ് ബാധിതർ കുറഞ്ഞിട്ടുണ്ട്. അതിനാൽ കോവിഡ് വാർഡുകൾ അടയ്ക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതർ. നിലവിൽ മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗത്തിലും ഒരു വാർഡിലും കൂടിയേ കോവിഡ് രോഗികളെ കിടത്തിച്ചികിത്സിക്കുന്നുളളൂ. ഭാഗികമായി ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന എല്ലാ സാധാരണ ശസ്ത്രക്രിയകളും പുനരാരംഭിച്ചു.

ജൂലായ് അഞ്ച് വരെയുള്ള ഒരാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.93 ശതമാനമാണ്. മൂന്നാഴ്ചയായി ശരാശരി ഏഴിൽത്തന്നെ തുടരുകയാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് ടി.പി.ആർ. അഞ്ചിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ് എ കാറ്റഗറിയിൽ വരുന്നത്. നിലവിൽ 20-ന് മുകളിൽ ടി.പി.ആർ. ഉള്ളത് പനച്ചിക്കാട് പഞ്ചായത്തിൽ മാത്രമാണ്.

എല്ലാ ബുധനാഴ്ചയുമാണു ടി.പി.ആർ. അടിസ്ഥാനത്തിൽ അവലോകനയോഗം നടത്തുന്നത്. വാക്സിൻ സ്ലോട്ട് ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്. കോവിഡ് സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടെന്ന്‌ ആരോഗ്യവകുപ്പ് അറിയിക്കുന്നതനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാത്തിരുന്ന നൂറുകണക്കിനു പേരാണു നിരാശരാകുന്നത്. രജിസ്റ്റർ ചെയ്‌തശേഷം സ്ലോട്ട് കണ്ട് അതു തിരഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ, സ്ലോട്ടുകൾ ഇല്ലെന്നു കാണിക്കുന്നുവെന്നാണു പരാതി.

രോഗികളുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞെങ്കിലും ജില്ലയിൽ മരണസംഖ്യ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ജില്ലയിലെ ആദ്യ കോവിഡ് മരണം 2020 ജൂലായിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഒന്നും രണ്ടും തരംഗത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്‌ 562 മരണമാണ്.

error: Content is protected !!