ബാലസംഘം പഠന ക്ലാസ്: സിപിഐ എം ഏരിയ കമ്മറ്റി അംഗം ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു; ഫാ. റോയി മാത്യൂ വടക്കേൽ ക്ലാസ് നയിച്ചു
കാഞ്ഞിരപ്പള്ളി: ബാലസംഘം സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനക്ലാസ് സിപിഐ എം ഏരിയ കമ്മറ്റി അംഗം ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. “സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന അപകടം” എന്ന വിഷയം ആസ്പദമാക്കി റവ.ഫാ. റോയി മാത്യൂ ക്ലാസ് നയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ സമർത്ഥരായ 17 വിദ്യാർത്ഥികൾക്ക് പഠനസഹായത്തിനായി സ്മാർട്ട് ഫോണുകൾ പ്രോൽസാഹന സമ്മാനമായി നൽകി. മുൻപ് 17 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകിയിരുന്നു.
കോവിഡ് 19 മൂലം ക്ലാസ് റൂം വിദ്യാഭ്യാസത്തിൽ നിന്നും ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിലേയ്ക്ക് മാറിയ സാഹചര്യത്തിൽ പഠനോപകരണങ്ങൾ പുസ്തകവും നോട്ട് ബുക്കും മാത്രമല്ലാതായി. നിസാര വിലക്ക് പഠന ഉപകരണങ്ങൾ സ്വന്തമാക്കാവുന്ന കാലം മാറുകയും പെട്ടെന്ന് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് വിദ്യാഭ്യാസ രീതി മാറിയപ്പോൾ അവ സ്വന്തമാക്കാൻ വൈകിയാൽ വിദ്യാഭ്യസത്തെ ബാധിക്കും എന്നതിനാൽ 33 മിടുക്കന്മാർക്ക് സ്മാർട്ട് ഫോൺ നൽകി പഠന കാര്യങ്ങളിൽ പ്രോൽസാഹനം നൽകാൻ ബാലസംഘം തീരുമാനിക്കുകയായിരുന്നു. സർക്കാർ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പ്രഥമ പരിഗണന നൽകിയെങ്കിലും എയ്ഡഡ് അൺഎയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കും സമ്മാനം നൽകി.
പഠനാവശ്യങ്ങൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അവിടെ പതിയിരിക്കുന്ന ചതിക്കുഴികളിൽ പെട്ടു പോകാതിരിക്കാൻ ശ്രദ്ധ പുലർത്തുന്നതിനായാണ് ബന്ധപ്പെട്ട വിഷയത്തിൽ ക്ലാസ് നടത്തിയത്. യാന്ത്രികമായ ഗയിമുകളും സെക്സ് പോർട്ടലുകളും കുട്ടികളുടെ ഭാവി തകർക്കും. മാതാപിതാക്കൾ ജാഗ്രത പാലിക്കാറുണ്ടെങ്കിലും പല കുട്ടികളും അടിക്ടായി മാറിയാൽ പിൻതിരിയാറില്ല. കുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന അനുഭവങ്ങളുണ്ടാകുന്നു.
വിപുലമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുമ്പോഴും തുല്യ അളവിൽ അപകടവും പതിയിരിക്കുന്നതിനാൽ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും ജാഗ്രത പാലിക്കണമെന്ന് ഫാ.റോയി മാത്യൂ പറഞ്ഞു.
ബാലസംഘം മേഖലാ സെക്രട്ടറി അമൽ ഡോമിനിക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി എൻ പ്രഭാകരൻ വി സജിൻ കെ എൻ ദാമോദരൻ കെ ആർ തങ്കപ്പൻ കെ സി അജി എന്നിവർ സംസാരിച്ചു. മേഖലാ കോ-ഓർഡിനേറ്റർ ആർ സന്തോഷ് സ്വാഗതവും കെ എൻ സരസമ്മ നന്ദിയും പറഞ്ഞു.