‘കണമലയുടെ കരുതൽ’ കണമലയിലെ കാർഷികവിപ്‌ളവം പുസ്തകരൂപത്തിൽ ; സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പ്രകാശനം ചെയ്തു
കർഷകർക്കായി കണമല സർവീസ് സഹകരണബാങ്ക് നടത്തിയ പ്രവർത്തനങ്ങൾ പുസ്തകമാക്കിയത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു
എരുമേലി: വിലതകർച്ചയിൽ കൃഷിനഷ്ടത്തിലൂടെ പ്രതിസന്ധിയിലായ കർഷകർക്കായി കണമല സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിയ കാർഷിക പദ്ധതികൾ ഇനി പുസ്തകരൂപത്തിൽ വായിച്ചറിയാം. കർഷകർക്കായി ബാങ്ക് നടപ്പാക്കിയ പദ്ധതികളും സഹായങ്ങളും ‘കണമലയുടെ കരുതൽ’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇതിനൊപ്പം ബാങ്കിന്റെ വെബ്‌സൈറ്റിനും തുടക്കമായി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിനോയ് ജോസ് മങ്കന്താനം അധ്യക്ഷത വഹിച്ചു. തങ്കമ്മ ജോർജുകുട്ടി, ശുഭേഷ് സുധാകരൻ, മാഗി ജോസഫ്, മറിയാമ്മ ജോസഫ്, ജിസാ ജോസഫ്, പി.എ. ചാക്കോ, താരാ ബിനോ, പി.വി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
റബ്ബർ പ്രധാനകൃഷിയായിരുന്ന മേഖലയിൽ റബ്ബർ വിലയിടിവിനെ പ്രതിരോധിക്കാൻ സമ്മിശ്രകൃഷികളും വിളകളുടെ വിപണനസൗകര്യങ്ങളും സജ്ജമാക്കിയാണ് ബാങ്ക് കർഷകർക്കൊപ്പം നിൽക്കുന്നത്. ഇതിൽ പ്രധാനമായിരുന്നു കാന്താരിമുളക് കൃഷി. ഇതിനൊപ്പം കപ്പ, വാഴ, മീൻ, പോത്ത് തുടങ്ങി വിവിധ കൃഷികൾ വ്യാപകമാക്കി. കൃഷി നടത്താനുള്ള മൂലധനം ഫാർമേഴ്‌സ് ക്ലബ്ബുകൾക്ക് വായ്പയായി നൽകിയാണ് പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാപ്തരാക്കുന്നത്. ഇവയ്ക്ക് വിപണി കണ്ടെത്തുന്നതിലും കർഷകർക്ക് ഉയർന്ന വില ലഭ്യമാക്കുന്നതിനും ബാങ്ക് ഭരണസമിതി സഹായിക്കുന്നു. കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയും എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
