KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വപ്നകുതിപ്പിൽ വശ്യമനോഹര കരിമ്പുകയം….

കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും മനോഹര പ്രദേശമായ കരിമ്പുകയത്തിന്റെ വശ്യസൗന്ദര്യം ഇനി പൊതുജനങ്ങൾക്ക് സുരക്ഷിതമായി ആസ്വദിക്കുവാൻ അവസരം ഒരുങ്ങുന്നു. മണിമലയാറ്റിൽ രണ്ടുകിലോമീറ്ററോളം നീളത്തിൽ വെള്ളം ശേഖരിച്ചിട്ടുള്ള കരിമ്പുകയം ചെക്ക്ഡാമിൽ നിന്നുമാണ് കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം നടത്തുന്നത്.

കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും വെറും ആറ് കിലോമീറ്റർ ദൂരപരിധിയ്ക്കുള്ളിൽ കിടക്കുന്ന വിഴുക്കിത്തോട് – ചേനപ്പാടി കരിമ്പുകയം പ്രദേശം, കേരളത്തിന്റെ ടുറിസം മാപ്പിൽ ഇടം പിടിക്കുമെന്നുറപ്പായി. കാഞ്ഞിരപ്പള്ളി എരുമേലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിമ്പുകയത്തെ ചെക്ക്ഡാം കോസ്‌വേ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളെയും കൂടിയാണ് ബന്ധിപ്പിക്കുന്നത് . കരിമ്പുകയത്ത് മികച്ച രീതിയിൽ ടുറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് വിദഗ്ധ സംഘത്തോടൊപ്പം കരിമ്പുകയം ചെക്ക്ഡാമും, കോസ് വേയും മറ്റ് പരിസര പ്രദേശങ്ങളിലും സാധ്യതാപഠനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പൊതുജനങ്ങൾക്ക് വിശ്രമിക്കുവാനും, ഉല്ലാസത്തിനും വേണ്ടി ആഭ്യന്തര ടൂറിസം പദ്ധതി എന്ന നിലയിലാണ് കരിമ്പുകയം മിനി ടുറിസം പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. മണിമലയാറ്റിൽ രണ്ടുകിലോമീറ്ററോളം നീളത്തിൽ വെള്ളം ശേഖരിച്ചിട്ടുള്ള കരിമ്പുകയം ചെക്ക്ഡാമിൽ വള്ളംകളി മത്സരം നടത്തുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് ഡോ. എൻ ജയരാജ് പറഞ്ഞു. സന്ദർശകർക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി പുഴയുടെ തീരത്തുകൂടി രണ്ടുകിലോമീറ്റർ നീളത്തിൽ നടപ്പാത നിർമിക്കും. അതിൽ പല സ്ഥലങ്ങളിലായി സന്ദർശകർക്ക് വിശ്രമത്തിനും ഭക്ഷണത്തിനുമായി ഇരിപ്പിടങ്ങൾ, ചൂണ്ടയിടുവാനുള്ള ഹബ്ബുകൾ എന്നിവ സ്ഥാപിക്കും. ഫിഷറീസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് പുഴയിൽ മൽസ്യസമ്പത്ത് കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതോടെ സന്ദർശകർക്ക് പുഴയിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുവാൻ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും. പുഴയോരത്ത് നടപ്പാത നിർമ്മിക്കുന്നതിന്റെ ആദ്യപടിയായി പുഴയുടെ അതിർത്തി നിർണയിച്ച് ജണ്ടകൾ സ്ഥാപിക്കും.

കരിമ്പുകയം ചെക്ക് ഡാം മുതൽ രണ്ട്‌ കിലോമീറ്റർ ദൂരത്തുള്ള വാളക്കയം ചെക്ക് ഡാം വരെ പുഴയുടെ തീരത്തുകൂടി റിവർ വ്യൂ റോഡ് നിർമ്മിക്കുന്ന കാര്യവും പരിഗണിക്കും. മണിമലയാറിനെ മലിനീകരിക്കുന്ന പുഴയുടെ തീരത്തുള്ള ഫാക്ടറികളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പുഴയെ സുരക്ഷിതമായി സംരക്ഷിക്കുന്ന കാര്യം തദ്ദേശവാസികളെ ഏൽപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡോ. എൻ ജയരാജ് പറഞ്ഞു. പ്രദേശവാസികൾക്ക് ഈ പ്രൊജക്റ്റിലൂടെ നിരവധി തൊഴിൽ അവസരങ്ങളും ഉറപ്പാക്കും.

ടുറിസം പദ്ധതികൾ നടപ്പിലാക്കുന്നതോടെ, പുഴയിലെ ചെക്ക് ഡാം പ്രദേശത്തുകൂടി സന്ദർശകർക്ക് പെഡൽ ബോട്ടുകളിലോ കൊട്ടവള്ളങ്ങളിലോ സഞ്ചരിക്കുവാനുള്ള സാധ്യതയും പരിശോധിക്കും . അതിമനോഹരമായ മഴയുടെ സാന്ദര്യം ആസ്വദിക്കുന്നതിനായി മൺസൂൺ ടൂറിസവും കരിമ്പുകയത്ത് പ്രാവർത്തികമാക്കുവാൻ സാധിക്കും. സന്ദർശകർക്ക് പുഴയുടെ തീരത്തിരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുവാനുള്ള സൗകര്യം ഏറെപ്പേരെ ആകർഷിക്കും എന്നുറപ്പാണ്. നാലുമണികാറ്റ് മോഡലിൽ മനോഹരമായ പാർക്കും, ഉല്ലാസത്തിനും ഭക്ഷണത്തിനുമായുള്ള സൗകര്യങ്ങളും ഒരുക്കുന്നതോടെ കുടുബമായി എത്തുന്നവരുടെയും ഇഷ്ട സ്ഥലമായി കരിമ്പുകയം മാറും എന്നതിൽ സംശയമില്ല.

നയനമനോഹര പ്രദേശമായ കരിമ്പുകയം, സുരക്ഷിതമായ രീതിയിൽ, ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതോടെ ദിനംപ്രതി നൂറുകണക്കിന് സന്ദർശകർ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും ഉല്ലാസത്തിനുമായി അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകരെ സ്വീകരിക്കുവാൻ കരിമ്പുകയത്ത് പുതിയ ഹോട്ടലുകളും, മറ്റു സൗകര്യങ്ങളും ഒരുങ്ങികൊണ്ടിരിക്കുകയാണ്. .

ഈ പ്രൊജക്റ്റ് നടപ്പിലായാൽ, കരിമ്പുകയം കേരളത്തിലെ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. അതോടെ പ്രദേശവാസികൾക്ക് മികച്ച വരുമാനം ഉണ്ടാക്കുവാനുള്ള നിരവധി അവസരങ്ങളാണ് തുറന്നുകിട്ടുന്നത് . കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജിനൊപ്പം മറ്റ് ജനപ്രതിനിധികളും, പ്രദേശവാസികളും, ഉദ്യോഗസ്ഥരും ഒറ്റകെട്ടായി ഏകമനസ്സോടെ ഈ പ്രോജക്ടിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനാൽ, കരിമ്പുകയം ടുറിസം പദ്ധതി ഒരു വൻവിജയം ആകുമെന്നതിൽ സംശയമില്ല.

error: Content is protected !!