KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരിമ്പുകയത്ത് ടുറിസം പദ്ധതികൾ നടപ്പിലാക്കും, എംഎൽഎയും വിദഗ്ധരും പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും മനോഹര പ്രദേശമായ കരിമ്പുകയത്തിന്റെ വശ്യസൗന്ദര്യം ഇനി പൊതുജനങ്ങൾക്ക് ആസ്വദിക്കുവാൻ അവസരം ഒരുങ്ങുന്നു. കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും ആറ് കിലോമീറ്റർ ദൂരപരിധിയ്ക്കുള്ളിൽ കിടക്കുന്ന വിഴുക്കിത്തോട് / ചേനപ്പാടി കരിമ്പുകയം പ്രദേശം, കേരളത്തിന്റെ ടുറിസം മാപ്പിൽ ഇടം പിടിക്കുമെന്നുറപ്പായി. കരിമ്പുകയത്ത് മികച്ച രീതിയിൽ ടുറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് വിദഗ്ധ സംഘത്തോടൊപ്പം കരിമ്പുകയം ചെക്ക്ഡാമും, കോസ് വേയും മറ്റ് പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വിവിധ ജനപ്രതിനിധികൾകൊപ്പം പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ ബിജു ബാലകൃഷ്ണൻ, ചീഫ് എഞ്ചിനീയർ ബിജു ഡി., ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പ്രസാദ്, ഹൈഡ്രോളജി വകുപ്പിലെ അസി. എഞ്ചിനീയർ ജോസ് ജോസഫ്, മണിമല റിവർ പുനരുദ്ധാരണ സ്റ്റേറ് കോർഡിനേറ്റർ മുതലായവർ സംഘത്തിൽ ഉണ്ടായിരുന്നു.

രണ്ടുകിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചെക്ക്ഡാമിൽ വള്ളംകളി മത്സരം നടത്തുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് ഡോ. എൻ ജയരാജ് പറഞ്ഞു. മുൻപ് വള്ളംകളി മത്സരം കരിമ്പുകയത്ത് നടന്നിട്ടുണ്ട്. അത് വീണ്ടും തുടങ്ങണമെന്ന് പ്രദേശവാസികൾ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. സന്ദർശകർക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി പുഴയുടെ തീരത്തുകൂടി രണ്ടുകിലോമീറ്റർ നീളത്തിൽ വാക് വേ നിർമിക്കും. അതിൽ പല സ്ഥലങ്ങളിലായി സന്ദർശകർക്ക് ചൂണ്ടയിടുവാനുള്ള ഹബ്ബുകൾ സ്ഥാപിക്കും. കയത്തിൽ വലകൾ കെട്ടി, അതിനുള്ളിൽ മീനുകളെ വളർത്തി, അവയെ സന്ദർശകർക്ക് ചൂണ്ടയിട്ട് പിടിക്കുവാനുള്ള സൗകര്യവും ഒരുക്കും. വാക് വേ നിർമ്മിക്കുന്നതിന് ആദ്യപടിയായി പുഴയുടെ അതിർത്തി നിർണയിച്ച് ജണ്ടകൾ സ്ഥാപിക്കും.

കരിമ്പുകയം ചെക്ക് ഡാം മുതൽ രണ്ട്‌ കിലോമീറ്റർ ദൂരത്തുള്ള വാളക്കയം ചെക്ക് ഡാം വരെ പുഴയുടെ തീരത്തുകൂടി റോഡ് നിർമ്മിക്കുന്ന കാര്യവും പരിഗണിക്കും. മണിമലയാറിനെ മലിനീകരിക്കുന്ന പുഴയുടെ തീരത്തുള്ള ഫാക്ടറികളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പുഴയെ ശരിയായി സംരക്ഷിക്കുന്ന കാര്യം തദ്ദേശവാസികളെ ഏൽപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡോ. എൻ ജയരാജ് പറഞ്ഞു.

ടുറിസം പദ്ധതികൾ നടപ്പിലാക്കുന്നതോടെ, പുഴയിലെ ചെക്ക് ഡാം പ്രദേശത്തുകൂടി സന്ദർശകർക്ക് പെഡൽ ബോട്ടുകളിലോ കൊട്ടവള്ളങ്ങളിലോ സഞ്ചരിക്കുവാനുള്ള സാധ്യതയും നിലവിലുണ്ട് . അതിമനോഹരമായ മഴയുടെ സാന്ദര്യം ആസ്വദിക്കുന്നതിനായി മൺസൂൺ ടൂറിസവും കരിമ്പുകയത്ത് പ്രാവർത്തികമാക്കുവാൻ സാധിക്കും. സന്ദർശകർക്ക് പുഴയുടെ തീരത്തിരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുവാനുള്ള സൗകര്യവും ഒരുക്കുന്നതോടെ കരിമ്പുകയം ഏറെ പ്രസിദ്ധമാകും. നാലുമണികാറ്റ് മോഡലിൽ മനോഹരമായ പാർക്കും, ഭക്ഷണത്തിനായുള്ള സൗകര്യങ്ങളും ഒരുക്കുന്നതോടെ കുടുബമായി എത്തുന്നവരുടെയും ഇഷ്ട സ്ഥലമായി കരിമ്പുകയം മാറും എന്നതിൽ സംശയമില്ല. കേരളത്തിന്റെ പാരമ്പര്യ ജീവിത ശൈലികളും, തൊഴിലുകളും. കരകൗശല വിദ്യകളും, വിവിധ കലകളും പൊതുജനങ്ങൾക്ക് പരിചയപെടുത്തുന്നതിനായി ഭാവിയിൽ കരിമ്പുകയത്ത് പുഴയോരത്ത് ഒരു കൾച്ചറൽ ഹെരിറ്റേജ് ഗ്രാമം സ്ഥാപിക്കുവാനും സാധ്യതയുണ്ട് .

നയനമനോഹര പ്രദേശമായ കരിമ്പുകയം, സുരക്ഷിതമായ രീതിയിൽ, ആധുനിക സൗകര്യങ്ങളോടെ പൊതുജങ്ങളെ സ്വീകരിക്കുന്നതിനായി തുറന്നുകൊടുക്കുന്നതോടെ ദിനംപ്രതി നൂറുകണക്കിന് സന്ദർശകർ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകരെ സ്വീകരിക്കുവാൻ കരിമ്പുകയത്ത് പുതിയ ഹോട്ടലുകളും, മറ്റു സൗകര്യങ്ങളും ഒരുങ്ങികൊണ്ടിരിക്കുകയാണ്. .

അധികം താമസിക്കാതെ കരിമ്പുകയം കേരളത്തിലെ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ഈ പ്രൊജക്റ്റ് നടപ്പിലാകുന്നതോടെ, പ്രദേശവാസികൾക്ക് മികച്ച വരുമാനം ഉണ്ടാക്കുവാനുള്ള നിരവധി അവസരങ്ങളാണ് കൈവരുന്നത്. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജിനൊപ്പം മറ്റ് ജനപ്രതിനിധികളും, പ്രദേശവാസികളും, ഉദ്യോഗസ്ഥരും ഒറ്റകെട്ടായി ഏകമനസ്സോടെ ഈ പ്രോജക്ടിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനാൽ, കരിമ്പുകയം ടുറിസം പദ്ധതി ഒരു വൻവിജയം ആകുമെന്നതിൽ സംശയമില്ല.

error: Content is protected !!