എരുമേലിയിൽ വാപുര ക്ഷേത്രനിർമ്മാണവുമായി ഹൈന്ദവ സംഘടനകൾ മുന്നോട്ട്.
എരുമേലി : ടൗണിന് സമീപം നിർമാണം ആരംഭിച്ച വാപുര ക്ഷേത്രം അനധികൃത നിർമാണമെന്ന പരാതി നിലനിൽക്കെ ഏതാനും ദിവസങ്ങൾക്ക് പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ബാലാലയ പ്രതിഷ്ഠയ്ക്കായി ഉയർന്ന തറയിൽ ചെറിയ ഒരു മുറി ആണ് ക്ഷേത്ര നിർമാണ ഭാഗമായി നിർമിച്ചിരുന്നത്. തറ ഒഴികെ ബാക്കി ഭാഗം പൂർണമായും ഇടിച്ചു പൊളിച്ചിട്ട നിലയിലാണ് കണ്ടത്. എന്നാൽ ഇന്ന് പ്രദേശം ശുദ്ധീകരിച്ച് ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠ നടന്നു. ഹൈക്കോടതി നേരത്തെ ക്ഷേത്ര നിർമ്മാണം നിർത്തിവച്ചിപ്പിച്ച ഭൂമിയിലാണ് പൂജകൾ നടത്തിയത് . വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
നേരത്തെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിട നിർമ്മാണം നടത്തിയതിനെ തുടർന്നാണ് ക്ഷേത്ര നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് ക്ഷേത്രനിർമിതികൾ പൊളിച്ചു കളഞ്ഞിരുന്നു. ക്ഷേത്രനിർമ്മാണവുമായി ബന്ധമില്ലെന്ന് ആയിരുന്നു വി എച്ച്പി അടക്കമുള്ള ഹിന്ദു സംഘടനകൾ പറഞ്ഞിരുന്നത്.എന്നാൽ ഇന്നു നടന്ന പൂജകളിൽ ആർഎസ്എസിന്റെയും വിഎച്ച്പിയുടെയും നേതാക്കൾ പങ്കെടുത്തു. ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട് വാവര് സ്വാമി എന്ന സങ്കല്പം ഇല്ലെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. വാവർ അല്ല മറിച്ച് വാപുരൻ എന്ന ഹിന്ദു ദൈവമാണെന്നാണ് ഇവർ വാദിക്കുന്നത്. ഇന്ന് നടന്ന പൂജകൾക്ക് പിന്നാലെ , പ്രതിഷ്ഠാ ചടങ്ങുകളും തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം.
