പാക്കാനത്ത് പുലിയുടെ സാന്നിധ്യം ക്യാമറയിൽ ഇല്ല : നിരീക്ഷണം തുടരും.
എരുമേലി : പാക്കാനത്ത് കാരിശേരി സെറ്റിൽമെന്റ് ഭാഗത്തെ ഏന്തക്കുന്നിൽ പുലിയുടെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തുറന്ന് ഇന്നലെ ദൃശ്യങ്ങൾ പരിശോധിച്ചെന്നും പുലിയുടെ ദൃശ്യങ്ങൾ ഇല്ലന്നും വനം വകുപ്പ് അറിയിച്ചു. ക്യാമറ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച് അടുത്ത ദിവസങ്ങളിലും തുടരാനാണ് തീരുമാനം. രാത്രിയിൽ വനം വകുപ്പിന്റെ സംഘം മേഖലയിൽ പെട്രോളിംഗ് നടത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഹരിലാൽ കൃഷ്ണൻ അറിയിച്ചു.
പാക്കാനം വനമേഖലയിൽ നിന്നും 200 മീറ്റർ അകലെ സെറ്റിൽമെന്റിലെ രണ്ട് വീടുകളിലെ വളർത്തു നായകളെ കൂട്ടിൽ ആക്രമിച്ചത് പുലി ആണെന്ന നിഗമനത്തെ തുടർന്നാണ് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.
ഏന്തക്കുന്നിൽ ഈറ്റയ്ക്കൽ ഉദയഭാനുവിന്റെ നായയെ ചത്ത നിലയിലും അയൽവാസി കണിയാപറമ്പിൽ ലിജിൻ തോമസിന്റെ നായയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയതോടെ ആണ് പൂട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളെ പുലി ആക്രമിച്ചതാണെന്ന് സംശയമുണ്ടായത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടതോടെ തൊട്ടടുത്ത റബർ മരത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയായിരുന്നു. പ്രദേശത്തു നിന്നും പുലി തൊട്ടടുത്ത വനത്തിലേക്ക് പോയിരിക്കുമെന്നാണ് കരുതുന്നത്. പ്രദേശത്ത് വനം വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ തനിച്ചു സഞ്ചരിക്കരുതെന്നും രാത്രിയിൽ പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
