പ്രിയതമയുടെ സത്യപ്രതിജ്ഞ വരെ കാത്തുനിന്നില്ല , നിയുക്ത പഞ്ചായത്ത് മെമ്പർ സാറാമ്മയെ തനിച്ചാക്കി ബാബുക്കുട്ടി യാത്രയായി.
എരുമേലി : സാറാമ്മ എബ്രഹാം എരുമേലി പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അത് കാണാൻ ഭർത്താവ് ബാബുക്കുട്ടിയില്ല. രോഗക്കിടക്കയിൽ നിന്ന് ഭർത്താവ് തിരിച്ചു വരുമെന്ന സാറാമ്മയുടെ പ്രതീക്ഷകളെ വിഫലമാക്കി ബാബുക്കുട്ടി കാണാമറയത്തേക്ക് യാത്രയായി. സാറാമ്മയെ സ്ഥാനാർത്ഥിയായതിന് പിന്നാലെ പെട്ടന്നുണ്ടായ രോഗം മൂലം ആശുപത്രിയിലായ ബാബുക്കുട്ടി ഇന്നലെ പുലർച്ചെ മരണപ്പെടുകയായിരുന്നു.
എരുമേലി കനകപ്പലം കേഴപ്ലാക്കൽ തോമസ് കെ എബ്രഹാം (ബാബുക്കുട്ടി-75) മിന്റെ വിയോഗം ഭാര്യ സാറാമ്മയ്ക്കും നാടിനും തീരാ നൊമ്പരമായി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും എരുമേലി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു ബാബുക്കുട്ടി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഭാര്യ സാറാമ്മ എബ്രഹാമിനെ (മോളി) ആദ്യമായി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം കനകപ്പലം വാർഡിൽ സ്ഥാനാർത്ഥിയാക്കിയപ്പോൾ പ്രചരണം ഏറ്റെടുത്ത് സാറാമ്മയ്ക്ക് ധൈര്യം പകർന്നത് ബാബുക്കുട്ടിയായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മുഖ്യ പ്രചാരകൻ കൂടിയായ ബാബുക്കുട്ടിക്ക് പക്ഷെ ഭാര്യയുടെ പ്രചരണം നയിക്കാനായില്ല. പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ അസിഡിറ്റി രോഗം കലശലായി ബാബുക്കുട്ടി ആശുപത്രിയിൽ ചികിത്സയിലായതിനൊപ്പം ആരോഗ്യ നില ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ പ്രചരണം നിർത്തിവെച്ച് ആശുപത്രിയിൽ ഭർത്താവിന്റെ അരികിലായി സാറാമ്മ. വാർഡിലെ യുഡിഎഫ് പ്രവർത്തകർ ആണ് സാറാമ്മയ്ക്ക് വേണ്ടി വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ച് പ്രചരണം നടത്തിയത്.
മികച്ച ഭൂരിപക്ഷത്തോടെ സാറാമ്മ ജയിക്കുമ്പോൾ ബാബുക്കുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. എരുമേലി പഞ്ചായത്തിൽ ജയിച്ച 24 പേരിൽ പ്രായം കൊണ്ട് സീനിയറായ സാറാമ്മ എബ്രഹാം ആണ് 21 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ആദ്യം പ്രതിജ്ഞ ചെയ്ത് അംഗമാകേണ്ടത്. തുടർന്ന് മറ്റ് അംഗങ്ങൾക്ക് സാറാമ്മയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത്. എന്നാൽ ഈ ചടങ്ങ് കാണാൻ ഇനി ബാബുക്കുട്ടി ഇല്ല. പാർട്ടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഉൾപ്പടെ ഒട്ടനവധി പേർ അനുശോചനം അറിയിച്ച് വീട്ടിലേക്ക് എത്തി. സംസ്കാരം 20 ന് ഉച്ചക്ക് 1.30 ന് കനകപ്പലം ജെറുശലേം മാർത്തോമ്മ പള്ളിയിൽ നടക്കും. അതിന് മുമ്പ് രാവിലെ എട്ട് മുതൽ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.
