ചെറുവള്ളി തോട്ടഭൂമി : കോടതിവിധി സർക്കാർ ചോദിച്ചു വാങ്ങിയതാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി റോണി കെ. ബേബി.
കാഞ്ഞിരപ്പള്ളി : നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയുടെ അവകാശം സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ പാലാ സബ് കോടതി വിധി സർക്കാർ ചോദിച്ചുമേടിച്ചതാണ്. എസ്റ്റേറ്റിന്റെ ഉടമസ്ഥ തർക്കത്തിൽ എതിർകക്ഷികളായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഹാരിസൺ മലയാളത്തിന്‍റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചിരിക്കുകയാണ്. ആറു വർഷം നീണ്ടു നിന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കേസിൽ സർക്കാരിന് കനത്ത തിരിച്ചടിയുണ്ടായത്.
കേരളത്തിൽ രണ്ടാം ഭൂപരിഷ്ക്കരണ ശ്രമങ്ങൾക്ക് കാരണമാകുമായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പടെയുള്ള ഹാരിസൺ മലയാളം ഭൂമി ഏറ്റെടുക്കൽ കേസ്സുകളിൽ പരാജയപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം എൽ ഡി എഫ് സർക്കാരിന് മാത്രമാണ് എന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി റോണി കെ. ബേബി പത്രസമ്മേളനത്തിൽ ആരോപിച്ചു.
2015 ഡിസംബറിൽ സർക്കാരിന്റെ സ്പെഷ്യൽ ഓഫിസർ ഡോ. എം. ജി. രാജമാണിക്യം ഐ. എ. എസ്. സർക്കാർ ഭൂമിയായി കണ്ട് ഏറ്റെടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ഹൈക്കോടതി സിംഗിൾ ബഞ്ച് ശെരിവെക്കുകയും ചെയ്ത ഭൂമി ഏറ്റെടുക്കലാണ് ഒടുവിൽ അട്ടിമറിക്കപ്പെട്ടത്.
1999 ഓഗസ്റ്റ് ഏഴിന് സുമിത എൻ. മേനോൻ കമ്മീഷൻ റിപ്പോർട്ടോടുകൂടി ആരംഭിച്ച് ഓരോ ഘട്ടത്തിലും ഹൈക്കോടതിയുടെ മേൽനോട്ടത്തിലും, ഇടപെടലുകളും വഴി നടന്ന ഭൂമിഏറ്റെടുക്കൽ നടപടികളാണ് അന്തിമഘട്ടത്തിൽ അട്ടിമറിക്കപ്പെട്ടത്. അന്ന് സർക്കാരിന് ഉണ്ടായ വീഴ്ചയാണ് ഇപ്പോൾ പാലാ സബ് കോടതിയിലും തിരിച്ചടിയുണ്ടാകാനുള്ള അടിസ്ഥാന കാരണം. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സ്വകാര്യ വ്യക്തികളുടെ ഭൂമി വികസന ആവശ്യങ്ങൾക്കുവേണ്ടി ഏറ്റെടുക്കുന്ന 2013 ലെ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്രേഷൻ, റീസെറ്റിൽമെന്റ് നിയമത്തിലെ 77(2) വകുപ്പ് വഴി ഏറ്റെടുക്കുന്നത് കൈവശക്കാരെ സഹായിക്കാനാണെന്ന വിമർശനം ഇപ്പോൾ കോടതി വിധിയോടെ സാധൂകരിക്കപ്പെടുകയാണ്.
ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ 07/08/2017 ൽ നിയമസഭയിൽ എഴുതി സമർപ്പിച്ച മറുപടിയിൽ (നക്ഷത്ര ചിഹ്നം ഇട്ട ചോദ്യം നമ്പർ 16) മുഖ്യമന്ത്രി അസന്നിഗ്ധമായി പറഞ്ഞത് ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി ആണെന്നാണ്. എന്നാൽ മുൻ നിലപാടിന് വിരുദ്ധമായി മുഖ്യമന്ത്രി 07/03/2018 ന് രാജു എബ്രഹാം എം .എൽ .എ യുടെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടി ഇത് ഹാരിസൺ കമ്പനി വകയാണ് എന്നാണ് (നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പർ 1612). ആറ് മാസത്തിനുള്ളിൽ സർക്കാരിന്റെ നിലപാടുമാറ്റം മുഖ്യമന്ത്രിയുടെ മറുപടിയിൽനിന്നും വ്യക്തമാണ്. ഈ നിലപാടുമാറ്റം ദുരൂഹമാണ്. തർക്കത്തിൽ ഉള്ള ഭൂമിയിൽ കോടതി വിധി പറയുന്നതിന് മുൻപുതന്നെ തോട്ടത്തിന്റെ ഉടമകളായി ഹാരിസൺ കമ്പനിയെയും ഭൂമി കൈമാറ്റത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചത് സംശയാസ്പദമാണ്.
ഭൂമിയിൽ ഹാരിസണിന് ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ അത് ബിലീവേഴ്‌സ് ചർച്ചിന് കൈമാറാനും അവകാശം ഉണ്ട് എന്ന് ഇവിടെ മുഖ്യമന്ത്രി സമർത്ഥിക്കുകയാണ് ചെയ്‌തത്. കഴിഞ്ഞ ദിവസം പാലാ സബ് കോടതി ശരി വെച്ചതും മുഖ്യമന്ത്രിയുടെ ഈ നിലപാടാണ്. 2006 ൽ കോട്ടയം ജില്ലാ കളക്‌ടർ ആധാരവും പോക്കുവരവും റദ്ദ് ചെയ്യുകയും ഭൂമി കൈമാറ്റം നിയമവിരുദ്ധവുമാണ് എന്ന് പ്രഖ്യാപിക്കുകയും ഹൈക്കോടതി ശരിവെക്കുകയും ചെയ്ത കേസിലാണ് ഭൂമി കയ്യേറ്റക്കാരെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയത്. ചെറുവള്ളി തോട്ടം സർക്കാർ ഭൂമിയാണ് എന്ന മുൻ നിലപാടിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന് നിയമസഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാതെ ഇരുന്നത് എന്തിനായിരുന്നു എന്ന് ഇപ്പോൾ പകൽപ്പോലെ വ്യക്തമാകുന്നുണ്ട്.
ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പടെ ഏറ്റെടുക്കുന്നതിന് അനുകൂലമായി സമർപ്പിച്ച ഡോ എം ജി രാജമാണിക്യം റിപ്പോർട്ട് ഭരണഘടനാ വിരുദ്ധമാണ് എന്ന് നിയമ സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടും, പ്രഗത്ഭയായ സർക്കാർ അഭിഭാഷക സുശീലാ ഭട്ടിനെ തൽസ്ഥാനത്തു നിന്നും മാറ്റിയതും, ഹാരിസണിനെതിരെയുള്ള ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ 2015 ഡിസംബറിലെ വിധിയും, V.E. 1/2013/SIUII നമ്പർ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവരാതെ സർക്കാർ മറച്ചുവെച്ചതുമാണ് അന്ന് കേസ്സ് തോൽക്കുവാൻ ഉണ്ടായ പ്രധാന കാരണങ്ങൾ. സുപ്രീം കോടതിയിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇതിന്റെ എല്ലാം പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടായിട്ടുണ്ട്. പാലാ കോടതിയുടെ ഇപ്പോഴത്തെ വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിന്റെ പിന്നിലും ഈ ഗൂഡാലോചനകളാണ്.
2005 ൽ ഹാരിസണിൽ നിന്ന് ബിലീവേഴ്‌സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങിയ ഭൂമിയുടെ പോക്കുവരവ് കോട്ടയം ജില്ലാ കളക്‌ടർ റദ്ദാക്കിയിരുന്നു. ഭൂമിയുടെ അടിസ്ഥാന രേഖയായ 1910 ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം സർക്കാർ വക ഭൂമി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ കണ്ടെത്തിയത്. 1999 ഓഗസ്റ്റ് ഏഴിന് സുമിത എൻ. മേനോൻ കമ്മീഷൻ റിപ്പോർട്ടോടുകൂടി ഹാരിസൺ മലയാളം കമ്പനി കേരളത്തിൽ കൈവശം വെച്ചിരുന്ന ചെറുവള്ളി തോട്ടം ഉൾപ്പടെയുള്ള തോട്ടഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു.
2011 ൽ ഹാരിസണിന്റെ കൈവശം ഉള്ള സർക്കാർ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ കേരളാ ഹൈക്കോടതിയിൽ 3508 / 2011 ഹർജി സമർപ്പിച്ചു. 2012 ൽ ഹാരിസണിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഭൂമിയുടെ രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ നടന്ന വിജിലൻസ് അന്വേഷണത്തിൽ ചെറുവള്ളി തോട്ടത്തിന്റെ ഉൾപ്പടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ഹാരിസൺ ഹാജരാക്കിയ കൊല്ലം സബ് രജിസ്ട്രാർ ഓഫിസിലെ 1600 / 1923 നമ്പർ ആധാരം വ്യാജമെന്ന് തെളിയുകയും 2013 ഫെബ്രുവരി 16 ന് ഭൂമി ഏറ്റെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് വരികയും ചെയ്തു.ഇതിനെത്തുടർന്ന് 2013 ഏപ്രിൽ 25 ന് 1957 ലെ കേരള ഭൂസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഹാരിസൺ കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുക്കാൻ ഡോ എം ജി രാജമാണിക്ക്യം ഐ.എ.എസ്സിനെ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിയമിക്കുകയായിരുന്നു.
2014 ഡിസംബർ ഒന്നിന് കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലായി ഹാരിസൺ കൈവശം വെച്ചിരിക്കുന്ന 29,185 ഏക്കർ ഭൂമിയും, 2015 മെയിൽ ഹാരിസൺ അനധികൃതമായി വിറ്റ ചെറുവള്ളി, മുണ്ടക്കയം ബോയ്സ്,അമ്പനാട്, റിയ എന്നീ എസ്റേറ്റുകളും ഏറ്റെടുത്തുകൊണ്ട് സ്പെഷ്യൽ ഓഫിസറുടെ ഉത്തരവ് പുറത്തിറങ്ങി. ഹാരിസൺ കൈവശം വെച്ചിരിക്കുന്നതും വിറ്റതും ഉൾപ്പടെ ആകെ 38,171 ഏക്കർ ഭൂമി ഏറ്റെടുത്തുകൊണ്ടാണ് ഡോ. രാജമാണിക്ക്യം ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കലിന്റെ അവസാനഘട്ടത്തിലെത്തിയ ഈ കേസ്സാണ് 2016 മെയ് മാസത്തിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അട്ടിമറിക്കപ്പെട്ടത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ പരാജയം.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി സർക്കാർ ഖജനാവിൽ നിന്നും കോടി കണക്കിന് രൂപ ചിലവഴിച്ചു നടത്തിയ നിയമ പോരാട്ടങ്ങളാണ് ഒരു പ്രയോജനവും ഇല്ലാതെ അവസാനം ഒരു വൻ ഭൂമാഫിയക്ക് വേണ്ടി തോറ്റുകൊടുക്കുന്ന സാഹചര്യം ഇപ്പോൾ ഉണ്ടാകുന്നത്. ഈ തോൽവിയുടെ ധാർമികമായ ഉത്തരവാദിത്തം ഇന്ന് കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിന് മാത്രമാണ്.കഴിഞ്ഞ യു .ഡി .എഫ് സർക്കാർ ഒരു ഭൂമി ഏറ്റെടുക്കൽ കേസിലും പരാജയപ്പെട്ടിരുന്നില്ല എന്ന കാര്യം മനസ്സിലാക്കുമ്പോൾ ആണ് ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു കേസിൽ പോലും വിജയിച്ചില്ല എന്നതുകൂടി തിരിച്ചറിയുന്നത്. കയ്യേറ്റക്കാരെ സഹായിക്കുന്നതിന് സർക്കാരിന്റെ ഭൂമി സർക്കാർ തന്നെ വിലകൊടുത്തു വാങ്ങുന്ന വമ്പൻ ഭൂമികുംഭകോണമാണ് വിമാനത്താവള പദ്ധതിയുടെ പിന്നാമ്പുറങ്ങളിൽ അരങ്ങേറുന്നത് എന്നും
കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി പറഞ്ഞു .
