ഒരു നാടിന്റെ പ്രാർത്ഥന വിഫലം ; ശ്രീനാഥിനൊപ്പം ശ്രീലക്ഷ്മിയും ഓർമ്മയായി ; ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സഹോദരന്റെ പിന്നാലെ സഹോദരിയും ദാരുണമായി മരണപെട്ടു .
കാഞ്ഞിരപ്പള്ളി : ഒരു നാടിന്റെ പ്രാർത്ഥന വിഫലം ; ശ്രീനാഥിനൊപ്പം ശ്രീലക്ഷ്മിയും ഓർമ്മയായി. പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ശനിയാഴ്ച രാത്രി ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരന് പിന്നാലെ സഹോദരിയും മരണപ്പെട്ടതോടെ, കുടുബത്തിൽ അമ്മ ശ്രീജ ഒറ്റയ്ക്കായി . കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ പരേതനായ എൻ.സി.സന്തോഷിന്റെയും ശ്രീജയുടെയും മക്കളാണ് ശ്രീനാഥും ശ്രീലക്ഷ്മിയും. തലച്ചോറിൽ ട്യുമർ ബാധിച്ച് അച്ഛൻ സന്തോഷ് നേരത്തേ മരിച്ചുപോയിരുന്നു. രണ്ട് മക്കളും ഭർത്താവും നഷ്ടപ്പെട്ട് ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ശ്രീജയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ തേങ്ങുകയാണ് ചേനപ്പാടി ഗ്രാമം.
ശനിയാഴ്ച രാത്രി 9 മണിക്ക് പാലാ കടപ്പാട്ടൂർ ബൈപാസിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് ബസ്സിൽ എത്തിയ സഹോദരിയെ, പാലായിൽ നിന്നും ഒപ്പം കൂട്ടി ബൈക്കിൽ അടുത്തുള്ള ബന്ധുവീട്ടിലിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്.
എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി
ബന്ധുവിന്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിൽ 2 ന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയായിരുന്നു . ശ്രീനാഥ് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു . ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മി ചേർപ്പുങ്കലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ.
