KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത ; ഭൂമിയേറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചു ..

എരുമേലി : സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നു. അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത നിർമാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു ഭരണാനുമതിയായി. 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുവാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.

111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിർമാണം മുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് ആകുന്നു. ഭൂമിയേറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചതോടെ മുടങ്ങി കിടന്ന പദ്ധതിക്ക് ശാപമോക്ഷം ലഭിക്കുമെന്ന് ഉറപ്പായി.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്‌ഥലം ഏറ്റെടുപ്പിന് അനുമതി നൽകിയാണു ഗതാഗതവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളൽ 152.05 ഹെക്ട‌ർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ 119.89 ഹെക്ടർ, ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടർ എന്നിങ്ങനെ ആകെ 305.71 ഹെക്‌ടറാണ് ആകെ ഏറ്റെടുക്കുന്നത്. ആകെ പദ്ധതി ചെലവായ 3,800.9 കോടി രൂപയുടെ പകുതി തുകയായ 1,900 കോടി സംസ്ഥാന സർക്കാർ വഹിക്കും. ബാക്കി പകുതി കേന്ദ്ര സർക്കാരാണു വഹിക്കുന്നത്. സ്ഥലമേറ്റെടുപ്പ് എത്രയും വേഗം പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആകെ 348 ഹെക്‌ടർ സ്‌ഥലമാണ് ശബരി പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. ഇതിൽ അങ്കമാലി മുതൽ കാലടി വരെ ഏഴു കിലോമീറ്റർ പാത നിർമിച്ചിട്ടുണ്ട്. കാലടിയിൽ റെയിൽവേ സ്‌റ്റേഷനുണ്ട്. പെരിയാറിനു കുറുകെ ഒരു കിലോമീറ്റർ നീളത്തിൽ പാലവും നിർമിച്ചു. മറ്റു സ്‌റ്റേഷനുകളായ പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം വരെ സ്‌ഥലത്ത് കല്ലിട്ടിട്ടുണ്ട്. ബാക്കി സ്‌റ്റേഷനുകളായ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിൽ സർവേ നടത്തി സ്‌ഥലം നിശ്‌ചയിക്കേണ്ടതുണ്ട്.

error: Content is protected !!