കാഞ്ഞിരപ്പള്ളിയിലെ വിവാദ 20 കോടി ക്രിസ്‌മസ് ബമ്പർ ലോട്ടറി : വ്യാജനെ ഒഴിവാക്കി, യഥാർത്ഥ ഉടമയ്ക്ക് സമ്മാനം നൽകുവാൻ കോടതി വിധി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വിറ്റ ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തുകയ്ക്ക് രണ്ടു പേർ അവകാശവാദ ഉന്നയിച്ചതോടെ വിവാദമായ വിഷയത്തിൽ സമ്മാനത്തുക തടഞ്ഞുവച്ചിരിക്കുകയായിരുന്നു. എന്നാൽ ക്രിസ്‌മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി ഇന്ന് വിധിച്ചു . ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ ഉടമസ്ഥൻ ടിക്കറ്റ് ഹാജരാക്കിയപ്പോൾ, പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോൻ, തനിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും , ടിക്കറ്റ് അബദ്ധത്തിൽ നഷ്ട്ടപെട്ടു പോയെന്നും, അത് കൈവശപ്പെടുത്തിയ ആളാണ് ടിക്കറ്റ് സമർപ്പിച്ചതെന്നും ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ തെളിവുകൾ വിശദമായി പരിശോധിച്ച കോടതി, ഉടമസ്ഥത അവകാശപ്പെട്ട പിറവം സ്വദേശി നൽകിയ ഹർജി തള്ളുകയായിരുന്നു.
ജനുവരി 24ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സജിമോൻ അവകാശവാദം ഉന്നയിച്ചത്. എന്നാൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചിരുന്നു. ലോട്ടറി വകുപ്പിനെ സമീപിച്ച് ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് സമ്മാനത്തുക നൽകാമെന്നാണ് ഇപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പൊലീസിൽ നിന്നും പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തിയിരുന്ന സജിമോന്റെ വാഹനത്തിൽ ശബരിമല ദർശനത്തിനായി വിശാഖപട്ടണം സ്വദേശികൾ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടയിൽ ഇവർ നെയ്‌പാത്രം വണ്ടിയിൽ മറന്നുവച്ചു. സജിമോൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്‌പാത്രത്തിന് അടിയിലായി പോയി. ഈ പാത്രം പിന്നീട് വിശാഖപട്ടണത്തിലേക്ക് കൊറിയർ അയച്ചു നൽകിയപ്പോൾ അബദ്ധത്തിൽ ടിക്കറ്റും അതിനൊപ്പമായി പോയി എന്നാണ് സജിമോന്റെ വാദം. മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങിയ ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ അവകാശപ്പെട്ടിരുന്നു.
എന്നാൽ ലോട്ടറി വകുപ്പിന്റെ പക്കൽ ഉണ്ടായിരുന്ന രേഖകളാണ് സജിമോന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിച്ചത്. ലോട്ടറി വകുപ്പ് മുദ്രവെച്ച കവറിൽ സമ്മാനാർഹമായ ഒറിജിനൽ ടിക്കറ്റ് കോടതിയിൽ നേരിട്ട് ഹാജരാക്കി. ഈ ടിക്കറ്റിൽ ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന വിവരങ്ങളും കോടതിക്ക് കൈമാറി. സജിമോൻ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ പേരോ ഒപ്പോ ഉള്ള ടിക്കറ്റല്ല യഥാർത്ഥ ടിക്കറ്റ് എന്ന് കോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടതോടെ സജീമോന്റെ വാദങ്ങൾ പൊളിയുകയായിരുന്നു. വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
യഥാർത്ഥ ഉടമസ്ഥർ ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങൾ ലോട്ടറി വകുപ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു കോടതി, സജിമോൻ്റെ ഹർജി തള്ളിയത്. ശാസ്ത്രീയമായ പരിശോധനയടക്കം നടത്തിയാണ് ലോട്ടറി വകുപ്പ് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധനയിൽ സജിമോൻ പറഞ്ഞതുപോലുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സജിമോന്റെ ഹർജി തള്ളുകയായിരുന്നു. ഒപ്പം തന്നെ സമ്മാനത്തുക വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി.
ടിക്കറ്റ് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന സമ്മാനത്തുക വിതരണം ഇതോടെ വേഗത്തിലാകും. XC 138455 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ഉള്ള ന്യൂ ലക്കി സെന്റർ എന്ന കടയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. സുദീപ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ ക്രിസ്മസ് ബമ്പറിന്റെ യഥാർഥ വിജയി ഇനിയും പേര് പരസ്യമാക്കിയിട്ടില്ല.
