കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നതിനിന്റെ ഭാഗമായി പുതുതായി കരാർ ഏറ്റെടുത്ത കമ്പനി പ്രാരംഭ നടപടികൾ തുടങ്ങി.
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നതിനിന്റെ ഭാഗമായി കരാർ ഏറ്റെടുത്ത പുതിയ കമ്പനി, മുൻ കരാറുകാരൻ ഇതുവരെ നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ഇതൊടൊപ്പം നിർമാണ പ്രവർത്തനങ്ങൾക്കായുള്ള കോൺക്രീറ്റ് മിശ്രിതങ്ങളടക്കം പരിശോധിക്കുന്നതിന് ലാബ്, ഓഫീസ്, തൊഴിലാളികൾക്കുള്ള താമസം എന്നിവ ഒരുക്കുന്നതിനുള്ള ക്രമീകരണവും തുടങ്ങി. മെഷീനുകളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പുതുതായി കരാർ ഏറ്റെടുത്ത തെരുവത്ത് കൺസ്ട്രക്ഷൻ എന്ന കമ്പനി ആദ്യ ഘട്ടത്തിൽ ഇത് വരെ നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ സർവേയും പ്ലാന്റ് നിർമാണവുമാണ് നടത്തുക. ആലപ്പുഴ കേന്ദ്രമായുള്ള കമ്പനിയാണ് സർവേ നടത്തുന്നത് .
നിലവിൽ ബൈപ്പാസിന് ആവശ്യമുള്ള സ്ഥലം ഏറ്റെടുത്ത് പാതയൊരുക്കുകയും ചിറ്റാർ പുഴയ്ക്കും മണിമലയാറിനും കുറുകേ നിർമിക്കുന്ന മേൽപ്പാലത്തിന്റെ തൂണുകളുടെ ഭാഗികനിർമാണവും മാത്രമാണ് പൂർത്തിയായത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പ റേഷനാണ് നിർമാണച്ചുമതല. ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് അറിയിച്ച് മുൻ കരാറുകാരൻ നിർമാണം തുടങ്ങിയ ബൈപ്പാസ് നിർമാണം ഏങ്ങുമെ ത്തിയില്ല.
ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനുസമീപം ആരംഭിച്ച് മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകേ മേൽപ്പാലം നിർമിച്ച് ടൗൺ ഹാളിന് സമീപത്തുകൂടി ദേശീയപാതയിൽ പൂതക്കുഴിയിൽ പ്രവേശിക്കുന്നതാണ് നിർദിഷ്ട ബൈപ്പാസ്. ആകെ 1.626 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസിൽ ശരാശരി 15 മുതൽ 20 മീറ്റർ വരെയായിരിക്കും വീതി.
2024 ഫെബ്രുവരിയിൽ ബൈപാസ് നിർമാണം ആരംഭിച്ചപ്പോൾ ഒരു വർഷത്തിനകം പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യം കരാർ ഏറ്റെടുത്ത ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി നിർമാണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചു. 78.69 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. 24.76 കോടി രൂപ സ്ഥലം ഏറ്റെടുക്കലിനു ചെലവായി. പഞ്ചായത്ത് വളവിൽ ഫ്ലൈഓവർ നിർമാണത്തിനായി ആകെ കണക്കാക്കിയ തുക 26.17 കോടി രൂപയായിരുന്നു. എന്നാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ കരാറു കാരനെ നീക്കം ചെയ്തതോടെ 2025 ജൂണിൽ നിർമാണം മുടങ്ങി. പിന്നീട് റീ ടെൻഡർ ചെയ്താണ് പുതിയ കരാർ നൽകിയത്. ഇപ്പോൾ പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടി രൂപയ്ക്കാണ എസ്‌റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
