KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി വനപാതയിൽ ഉണക്ക മരം വീണ് ഒടിഞ്ഞത് ഏഴ് വൈദ്യുതി പോസ്റ്റുകൾ : നഷ്ടം ഒന്നര ലക്ഷം.

എരുമേലി : നടുറോഡിൽ വനത്തിൽ നിന്നും വീണത് ഉണങ്ങി ജീർണിച്ച മരം. ഭാഗ്യത്തിന് അപകടമുണ്ടായില്ല. പക്ഷെ അത് മൂലം തകർന്നത് ഏഴ് വൈദ്യുതി പോസ്റ്റുകൾ. അത് മാറ്റി പുതിയ പോസ്റ്റുകൾ ഇട്ടതും തൊഴിലാളികളുടെ കൂലിയും ഉൾപ്പടെ കെഎസ്ഇബിയ്ക്ക് ചെലവായത് ഒന്നര ലക്ഷം രൂപ. ഇതിനും പുറമെ മണിക്കൂറുകളോളം രണ്ട് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിർത്തി വെയ്ക്കേണ്ടി വന്നതിന്റെ നഷ്ടംവേറെ.

ഇക്കഴിഞ്ഞ ബുധൻ രാത്രിയിൽ എരുമേലി – കരിമ്പിൻതോട് വനപാതയിൽ ആണ് ഉണങ്ങി ദ്രവിച്ച മരം കാറ്റിൽ നിലംപതിച്ച് ഒരു പോസ്റ്റിലേക്ക് വീണത്. ഇതോടെ ഏഴ് പോസ്റ്റുകളിലെ വൈദ്യുതി ലൈനുകൾ പൊട്ടി വീണു. ഒപ്പം ഈ ഏഴ് പോസ്റ്റുകൾ റോഡിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. രാത്രിയിൽ ഇതുവഴി വാഹനങ്ങളിൽ ആദ്യം എത്തിയവർ ഭയന്നുപോയി. ഇവർ പരിഭ്രാന്തരായി വാഹനം നിർത്തി. പിന്നാലെ വാഹനങ്ങളിൽ വന്നവരും ഉൾപ്പടെ നെടുനീളത്തിൽ റോഡിൽ പൊട്ടിവീണു കിടക്കുന്ന വൈദ്യുതി കമ്പികളും നിലംപതിച്ചു കിടക്കുന്ന പോസ്റ്റുകളും കണ്ട് അപകടഭീതിയിലായതോടെ പോലീസിനും കെഎസ്ഇബി ക്കും ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു.

റോഡിൽ പൊട്ടിവീണുകിടന്ന വൈദ്യുതി കമ്പികളിൽ വൈദ്യുതി പ്രവാഹം ഇല്ലന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം ഉറപ്പാക്കിയ ശേഷം ആണ് വാഹനങ്ങൾ കടന്നുപോയത്. ഒപ്പം തന്നെ സമീപ പ്രദേശത്ത് ചെറുവള്ളി എസ്റ്റേറ്റിലും പഴയിടം ഭാഗത്തും വൈദ്യുതി വിതരണം പൂർണമായും നിലച്ചു. ഇന്നലെ മണിമല സെക്ഷനിൽ നിന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും എത്തി രാവിലെ ആരംഭിച്ച ജോലികൾ പൂർത്തിയായത് വൈകുന്നേരത്തോടെയാണ്. ക്രയിൻ യൂണിറ്റ് എത്തിച്ചാണ് ഏഴ് പോസ്റ്റുകൾ നീക്കി പുതിയത് സ്ഥാപിച്ചത്. പൊട്ടിയ കമ്പികൾ നീക്കി പുതിയത് വലിച്ചു. 25 ഓളം പേർ ചേർന്നാണ് ഈ ജോലികൾ ചെയ്തത്. മൊത്തം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് കെഎസ്ഇബി മണിമല സെക്ഷൻ അസി. എഞ്ചിനീയർ ടി ജി ജോഷി പറഞ്ഞു.

തുടർച്ചയായി മരങ്ങൾ വീണ് കരിമ്പിൻതോട് പാതയിൽ അപകടങ്ങൾ വർധിക്കുകയാണ്. പഴക്കം ചെന്ന ഒട്ടേറെ മരങ്ങൾ ആണ് പാതയിലെ ഇരുവശങ്ങളിലുമായി വനത്തിലുള്ളത്. ഇവ വെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകരും നാട്ടുകാരും വനം വകുപ്പിൽ നിവേദനം നൽകിയതാണ്. കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റ് ബിനു മറ്റക്കര എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എത്ര മരങ്ങൾ അപകട അവസ്ഥയിലാണെന്നുള്ള കണക്കെടുപ്പ് പോലും നടത്തിയിട്ടില്ലന്ന് ആക്ഷേപമുണ്ട്.

വനം വകുപ്പിന്റെ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകരുന്നത് മുൻനിർത്തി അപകട മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ജൂലൈ മാസത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് കത്ത് നൽകിയിരുന്നുവെന്ന് കെഎസ്ഇബി എരുമേലി സെക്ഷൻ അസി എഞ്ചിനീയർ ടി ജി ജോഷി പറഞ്ഞു. ഇന്നലെ ഏഴ് പോസ്റ്റുകൾ തകർന്നത് കൂടാതെ മൊത്തം 15 ഓളം പോസ്റ്റുകൾ മരങ്ങൾ വീണ് തകർന്നിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. പാതയുടെ തുടക്കം എരുമേലി കെഎസ്ഇബി സെക്ഷൻ പരിധിയിൽ ആണ്. കഴിഞ്ഞ വർഷം മാത്രം എരുമേലി സെക്ഷൻ പരിധിയിൽ ഈ പാതയിൽ തകർന്നത് 47 വൈദ്യുതി പോസ്റ്റുകളാണ്. വാഹനങ്ങൾ ഇടിച്ചു പോസ്റ്റ്‌ തകർന്നാൽ കെഎസ്ഇബി യ്ക്ക് നഷ്ടപരിഹാരം ലഭിക്കും. എന്നാൽ വനം വകുപ്പിന്റെ മരങ്ങൾ വീണുണ്ടായ നഷ്ടത്തിന് തുക കിട്ടില്ല.

പെരുമഴക്കാലം തുടങ്ങിയതോടെ ഇനിയും മരങ്ങൾ വീണ് എപ്പോൾ വേണമെങ്കിലും അപകടങ്ങൾ സംഭവിക്കാമെന്ന് നാട്ടുകാർ പറയുന്നു. ജീവനുകൾ പൊലിയുമ്പോൾ മാത്രം നടപടി എടുക്കുന്നതിനായി കാത്തിരിക്കാതെ ഉടനെ തന്നെ സുരക്ഷ ഒരുക്കിയില്ലങ്കിൽ ജീവഹാനി ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞയിടെ ആണ് പാതയുടെ തുടക്കത്തിൽ കനകപ്പലത്ത് വെച്ച് കാറിന് മുകളിൽ മരം വീണത്. ഭാഗ്യം കൊണ്ട് ആളപായമുണ്ടായില്ല. പാതയുടെ അവസാനത്തിലെ മുക്കട പത്ത് സെന്റ്‌ ഭാഗത്തും സമാനമായ അപകടം സംഭവിച്ചിരുന്നു.

error: Content is protected !!