KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തകർന്നടിഞ്ഞ് ഹോട്ടൽ മേഖല..

കാഞ്ഞിരപ്പള്ളി : തുറക്കണോ, പൂട്ടണോ… ചോദ്യം ഉയരുന്നത്  പ്രദേശത്തെ  ഹോട്ടലുകാരിൽനിന്നാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലണ്ടർ വില കേന്ദ്രസർക്കാർ വീണ്ടും കുത്തനെ കൂട്ടിയതോടെ  നിരവധിപേർക്ക്  തൊഴിലവസരം നൽകിയിരുന്ന മേഖലയിലെ ഹോട്ടൽ മേഖല തകർന്നടിയുകയാണ്.

അഞ്ചുമാസത്തിനിടെ പാചകവാതക സിലണ്ടറുകൾക്ക് 70 ശതമാനം വില വർധനയാണ് കേന്ദ്രം വരുത്തിയത്. തിങ്കളാഴ്‌ച സിലണ്ടറിന് 46രൂപ കൂടി വർധിപ്പിച്ചതോടെ 19 കിലോ സിലണ്ടറിൻ്റെ വില 3200 രൂപയായി ഉയർന്നു. ഇതിനു പുറമെ പാലിൻ്റെയും പാൽ ഉൽപ്പന്നങ്ങളുടെയും വില വർധിച്ചതും തിരിച്ചടിയായി. സിലണ്ടർ ക്ഷാമവും വിലവർധനയും മറികടന്ന് വീണ്ടും പ്രവർത്തനമാരംഭിച്ച  ഹോട്ടലുകളാകെ നഷ്ട‌ത്തിന്റെ പടുകുഴിയിൽ വീണതായി വ്യാപാരികൾ പറയുന്നു. പെട്രോൾ, ഡീസൽ, സിഎൻജി വിലയും കൂട്ടിയതോടെ തമിഴ്‌നാട്, ഗുജറാത്ത് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും വില വർധിച്ചു. ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കണ്ടെയ്നർ അടക്കമുള്ളവയുടെ വില 40ശതമാനമാണ് വർധിച്ചത്. വിറകടുപ്പിന് പുറമെ അഞ്ച് സിലണ്ടറുകൾ വേണ്ടിവരുന്ന ഹോട്ടലുകൾക്ക് ദിവസം 9000 രൂപയുടെ നഷ്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇതിനകം നിരവധി ഹോട്ടലുകൾ ജില്ലയിൽ പൂട്ടിക്കഴിഞ്ഞു. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പേരിലാണ് കേന്ദ്രം വാണിജ്യ സിലണ്ടർ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. പാൽ, തൈര്, എന്നിവയുടെ വില വർധിച്ചതോടെ ചായ അടക്കമുള്ള ഭക്ഷണ സാധനങ്ങളുടെ വില വീണ്ടും വർധിപ്പിക്കേണ്ട അവസ്ഥയാണെന്ന് ഹോട്ടലുകാർ പറയുന്നു.

error: Content is protected !!