ഇത്തവണ പൂകൃഷിയിൽ പരീക്ഷണം നടത്തി : കൊരട്ടിയിൽ സാബിന്റെ ബന്ദി പൂകൃഷി വൻ വിജയം.
എരുമേലി : കൃഷിഭവൻ ഉദ്യോഗസ്ഥർ പറഞ്ഞത് കേട്ട് ഒരു പരീക്ഷണമായി പറമ്പിൽ 600 ബന്ദിപ്പൂ തൈകൾ നട്ട് കൃഷി നടത്തിയ കൊരട്ടി ചിറക്കലകത്ത് സാബിൻ ഇപ്പോൾ അതിരറ്റ സന്തോഷത്തിൽ. ഈ ഓണത്തിന് നിറയെ പൂക്കൾ വിരിഞ്ഞപ്പോൾ ഇതൊക്കെ വിറ്റ് തീരുമോ എന്ന് ആശങ്കയായിരുന്നു. എന്നാൽ പൂക്കൾ എല്ലാം വിറ്റു തീർന്നു. ഒരു കിലോയ്ക്ക് 100 രൂപ നിരക്കിൽ സാബിൻ വിറ്റ ബന്ദിപ്പൂക്കൾ വിപണിയിൽ 150 രൂപയ്ക്കാണ് കച്ചവടക്കാർ വിറ്റുതീർത്തത്. ഇനിയും പൂക്കൾ ഉണ്ടോയെന്ന് ചോദിച്ചു വിളിയെത്തിയപ്പോഴേക്കും സാബിന്റെ കൃഷിയിലെ വിളവെടുപ്പ് പൂർത്തിയായി കഴിഞ്ഞിരുന്നു. ഓണക്കാലത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള പൂവാണ് ചെണ്ടുമല്ലി അഥവാ ബന്ദി. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ആഫ്രിക്കൻ ഇനങ്ങൾ കേരളത്തിൽ നന്നായി വളരുന്നു.
ഓണവിപണി മുൻനിർത്തി നടത്തിയ കൃഷി പോലെയായി തന്റെ ബന്ദിപ്പൂ കൃഷി മാറിയതിന്റെ സന്തോഷത്തിലാണ് സാബിൻ. പരമ്പരാഗത കർഷക കുടുംബമാണ് സാബിന്റേത്. കപ്പയാണ് പ്രധാന കൃഷി. സ്വന്തമായുള്ള ഒരു ഏക്കർ സ്ഥലം കൂടാതെ പാട്ടത്തിന് സ്ഥലം എടുത്തും കപ്പ കൃഷി വിപുലമായി നടത്തുന്ന സാബിൻ ഇതാദ്യമായാണ് പൂക്കൾ കൃഷിയിലേക്ക് തിരിഞ്ഞത്. കാഞ്ഞിരപ്പള്ളി കൃഷി ഭവൻ ഉദ്യോഗസ്ഥർ നൽകിയ പ്രചോദനമായിരുന്നു ധൈര്യമെന്ന് സാബിൻ പറയുന്നു.
ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ പൂക്കൾ നൽകുന്ന 600 തൈകൾ ആണ് ബന്ദിപ്പൂ കൃഷിയ്ക്കായി നട്ടത്. കൃഷി വകുപ്പിൽ നിന്നുള്ള നിർദേശപ്രകാരമാണ് വളവും പരിചരണവും നൽകി കൃഷി ഒരുക്കിയതെന്ന് സാബിൻ പറഞ്ഞു. ചാണകപ്പൊടി ഇട്ട് ആണ് തൈകൾ നട്ട് കൃഷി ഒരുക്കിയത്. കീടബാധ, രോഗബാധ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ എന്നറിയാൻ കൃത്യമായി കൃഷി പരിശോധിച്ച് കൃഷി ഭവനിൽ വിവരങ്ങൾ അറിയിച്ചിരുന്നു. വെള്ളം നനയ്ക്കലും പരിചരണവും മുടങ്ങാതെ നടത്തി. ഇടയ്ക്ക് ശക്തമായ മഴ വന്നപ്പോൾ കൃഷി നശിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ കനത്ത മഴയെ അതിജീവിച്ചു പൂക്കൾ വിരിഞ്ഞ് ഓണമായപ്പോൾ പാകമായി. കപ്പ ഉൾപ്പടെ പച്ചക്കറിയും മറ്റുമായി വിവിധ കൃഷികൾ നടത്തുന്ന സാബിനൊപ്പം ഭാര്യ ഷേർലി സഹായമായുണ്ട്. ജുബിൻ, ജ്യൂവൽ എന്നിവരാണ് മക്കൾ.
