KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്രീൻഫീൽഡ് നാലുവരിപ്പാതയ്ക്കായി സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം ; കാഞ്ഞിരപ്പള്ളി – പൂഞ്ഞാർ എംഎൽഎമാർ സംയുക്ത നിവേദനം നൽകി.

കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കരമാർഗമുള്ള ചരക്ക് നീക്കം നിലവിൽ വന്നതിന്റെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകൾക്ക് ലഭിക്കുന്നതിന് കേന്ദ്രസർക്കാർ മരവിപ്പിച്ച ഗ്രീൻ ഫീൽഡ് നാലുവരിപ്പാത യാഥാർഥ്യമാക്കാൻ കേരള സർക്കാർ സമ്മർദം ചെലുത്തണമെന്ന് അഭ്യർഥിച്ച് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എംഎൽഎമാരായ റോണി കെ. ബേബിയും എം. ജെ. സെബാസ്റ്റ്യനും മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

നിലവിലുള്ള എംസി റോഡിന് സമാന്തരമായി തിരുവനന്തപുരത്തെ പുളിമാത്തിൽ തുടങ്ങി അങ്കമാലിയിൽ അവസാനിക്കുന്ന രീതിയിൽ 257 കിലോമീറ്റർ നീളത്തിൽ കേന്ദ്രസർക്കാർ ആസൂത്രണം ചെയ്ത നാലുവരിപ്പാതയാണ് തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു തുടക്കത്തിൽ ഇത് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ കൂടിയായിരുന്നു ഈ ഹൈവേയുടെ റൂട്ട് നിശ്ചയി ച്ചിരുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ ചരക്കുനീക്കത്തിനായി സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിംഗ് റോഡുമായി കൂട്ടി യോജിപ്പിക്കുന്നതരത്തിൽ പുളിമാത്തുനിന്നാണ് ഹൈവേ വിഭാവനം ചെയ്‌തത്‌. ഹൈവേയുടെ ഏരിയൽ സർവേ ഭോപ്പാൽ ഏജൻസി പൂർത്തിയാക്കി. റൂട്ടുമാപ്പും തയാറാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കിയ സർവേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അഥോറിറ്റിയുടെ ഭൂമിയേറ്റെടുക്കൽ കമ്മിറ്റിക്ക് കൈമാറിയതിനുശേഷം പദ്ധതി നിശ്ചലാവസ്ഥയിലാണ്. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അഥോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരും നൽകാൻ തീരുമാനമായതിനുശേഷമാണ് പദ്ധതി നിശ്ച ലാവസ്ഥയിലായത്.

കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോർത്ത്, എരുമേലി സൗത്ത് എന്നീ വില്ലേജുകളിൽകൂടിയാണ് പദ്ധതിയുടെ ഏരിയൽ സർവേ നടത്തിയത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകൾക്ക് ഏറെ പ്രയോജനം കിട്ടുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ ചരക്കുനീക്കത്തിന് ഏറെ സഹായകരമായ പദ്ധതി ഇനി യാഥാർഥ്യമാകാൻ സംസ്ഥാന സർക്കാരിന്റെ സമ്മർദം അനിവാര്യമാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ എംഎൽഎമാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിവേദനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി റോണി കെ. ബേബി എംഎൽഎ അറിയിച്ചു.

error: Content is protected !!