എലിക്കുളത്തിന്റെ ഫാം ടൂറിസം പദ്ധതികൾ പരിഗണിക്കുമെന്ന് കൃഷിമന്ത്രി.
എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കൃഷിയിട ടൂറിസം പദ്ധതികളോട് അനുഭാവമായ സമീപനം സ്വീകരിക്കുമെന്ന് നിവേദകസംഘത്തിന് കൃഷിമന്ത്രി ടി.സിദ്ദിക്കിന്റെ ഉറപ്പ്. പഞ്ചായത്ത് പ്രസിഡന്റ് യമുനാപ്രസാദ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ, പേഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി കുഴിക്കാട്ട്താഴെ, എലിക്കുളം ഫാം ടൂറിസം ക്ലബ്ബ് കോർഡിനേറ്റർ എ.ജെ.അലക്‌സ് റോയ്, സെക്രട്ടറി ജോസ് പി.കുര്യൻ പഴേപറമ്പിൽ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.
നൂതന പഴവർഗവിളകളുടെ കൃഷിക്ക് അനുകൂല ഘടകങ്ങളുള്ള പ്രദേശമാണ് എലിക്കുളമെന്ന് സംഘം വിശദീകരിച്ചു. റമ്പൂട്ടാൻ, പുലാസാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, പ്ലാവിനങ്ങൾ എന്നിവയുടെ കൃഷി നന്നായി നടക്കുന്നത് അറിയിച്ചു.
പാറക്കുളങ്ങൾ, ശാസ്ത്രീയ രീതിയിൽ നിർമിക്കപ്പെടുന്ന കുളങ്ങൾ എന്നിവയും ധാരാളമുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരവും എലിക്കുളത്താണ്. ‘എലിക്കുളം റൈസ്’ പ്രചാരം നേടിയതും നാട്ടുചന്തകളുടെയും മൂല്യവർധിത യൂണിറ്റുകളുടെ പ്രവർത്തനവും അവതരിപ്പിച്ചു. ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ സഞ്ചാരികൾക്ക് താമസവും ഭക്ഷണവും നൽകുന്നതിനുള്ള ശ്രമവും തദ്ദേശീയമായി തുടങ്ങിയതായും സംഘം മന്ത്രിയെ അറിയിച്ചു
