അദ്ധ്യാപക ദിനത്തിൽ വിടപറഞ്ഞ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് നാടിന്റെ ആദരാഞ്ജലികൾ.
എരുമേലി : അദ്ധ്യാപക ദിനത്തിൽ ഓർമയായത് എരുമേലി കുറുവാമുഴിയിലെ പ്രിയപ്പെട്ട തെർമ ടീച്ചർ എന്നറിയപ്പെടുന്ന ത്രേസ്യാമ്മ തോമസ് (80) എന്ന റിട്ടയേർഡ് അദ്ധ്യാപിക. വിവാഹം കഴിഞ്ഞു മൂന്ന് വർഷമായപ്പോൾ അപകടത്തിൽ പ്രിയപ്പെട്ട ഭർത്താവ് മരിച്ചു. പ്രിയതമനൊപ്പം ജീവിച്ചു കൊതി തീരും മുമ്പേ ഏക മകളുമായി ജീവിതത്തിൽ തനിച്ചായി. എന്നാൽ ദുഃഖം പൊതിഞ്ഞ ജീവിതമായി ടീച്ചർ മാറിയില്ല. മകളെ പോലെ ശിഷ്യരെ സ്നേഹിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട അദ്ധ്യാപിക ജീവിതം സ്നേഹത്തിന്റെ സമർപ്പണമാക്കി.
അദ്ധ്യാപിക ജോലിയിൽ നിന്ന് വിരമിച്ചപ്പോഴും വെറുതെ ഇരുന്നില്ല. മുറ്റത്തെ ചെടികളും മരങ്ങളും ടീച്ചറുടെ അരുമ ശിഷ്യരായി.. വീട്ടുമുറ്റത്ത് എത്തുന്ന പൂച്ചകൾക്കും നായകൾക്കും കോഴികൾക്കും ഉൾപ്പടെ അന്നദാതാവായി. അയല്പക്കക്കാർക്ക് ഏറ്റവും അടുത്ത സുഹൃത്തായ ഗുരുനാഥയായി. അമ്മയെ നഷ്ടപ്പെട്ട മരുമകന് ടീച്ചർ സ്വന്തം അമ്മയായി. ആ മകന്റെ സഹോദരൻമാർക്കും ടീച്ചറായി മാതാവ്. പുഞ്ചിരി ഇല്ലാതെ ടീച്ചറെ ആരും കണ്ടിട്ടില്ല. വഴക്ക് പറയുമ്പോഴും ആ മുഖത്ത് സ്നേഹം നിറഞ്ഞ ചിരി തെളിഞ്ഞു നിൽക്കും. ക്ലാസ് റൂമിൽ ടീച്ചർക്ക് വേണ്ടാത്ത വസ്തു ആയിരുന്നു വടി. ആരും അനുസരിച്ചു പോകുന്ന സ്നേഹ ശാസനയുടെ മുഖം ആണ് മറഞ്ഞത്.
പുലർച്ചെ നാലിന് ഉണരുന്ന ശീലവും അതിരാവിലെ ഇടവക പള്ളിയിൽ പോകുന്ന പതിവും ടീച്ചർക്ക് മുടങ്ങിയിട്ടുള്ളത് വെള്ളപ്പൊക്കവും പെരുമഴക്കാലവും വരുമ്പോൾ മാത്രം. അപ്പോഴും ജപമാലയുമായി പ്രാർത്ഥന വീട്ടിൽ ഇരുന്ന് ചെയ്യും. ആരോഗ്യത്തിന് മങ്ങൽ ഇല്ലാതിരിക്കെ കഴിഞ്ഞ ദിവസവും പതിവ് പോലെ നേരം പുലർന്നപ്പോൾ ഉണർന്ന ടീച്ചർക്ക് അൽപ സമയത്തിനുള്ളിൽ വളരെ പെട്ടന്ന് വന്ന നെഞ്ച് വേദന അധികം നീണ്ടുനിന്നില്ല. ആ നെഞ്ചു വേദന പെട്ടന്ന് തന്നെ പോയി. പക്ഷെ അത് പോയത് ടീച്ചറുടെ ജീവനുമായാണ്. ഒരു പൂവ് പറിച്ചെടുക്കുന്ന ലാഘവത്തോടെ നൊമ്പര വേദനയുടെ കനം തീരെ കുറച്ചു ടീച്ചറുടെ ജീവൻ പൊലിഞ്ഞു.
ജീവിതത്തിൽ വിധി തീർത്ത ഒറ്റപ്പെടൽ അദ്ധ്യാപനം കൊണ്ടു മറികടന്ന ആ അദ്ധ്യാപിക അദ്ധ്യാപക ദിനത്തിൽ മറഞ്ഞു. താര ബിനോ വർഗീസ് എന്ന സ്വന്തം മകൾ മാത്രമായിരുന്നില്ല ടീച്ചർക്ക്, ശിഷ്യരെല്ലാം മക്കളായിരുന്നു. വർഷങ്ങൾക്ക് ശേഷവും ഏത് ആൾതിരക്കിലും സ്വന്തം ശിഷ്യരെ കണ്ടാൽ പേരെടുത്തു വിളിക്കാൻ കഴിഞ്ഞ അദ്ധ്യാപന ബന്ധം ആണ് കൊഴിഞ്ഞത്. മകളുടെ ഭർത്താവും സഹോദരങ്ങളും ടീച്ചർക്ക് സ്വന്തം മക്കളായിരുന്നു. 70 വയസായപ്പോൾ ജന്മദിനത്തിൽ ടീച്ചർക്ക് മുന്നിൽ ആശംസകൾ നൽകി എത്തിയവർ ഏറെയായിരുന്നു. അവരുടെ നിർബന്ധത്തിന് വഴങ്ങി അന്ന് ടീച്ചർ അവരോട് പ്രസംഗം പോലെ സംസാരിച്ചത് ഒരമ്മ മക്കളോട് സ്നേഹം നിറച്ചു വാത്സല്യം പ്രകടിപ്പിച്ചുള്ള വർത്തമാനമായിരുന്നു. വളരെ പതിയെ സംസാരിച്ചു തുടങ്ങിയ ആ സ്നേഹത്തിന്റെ സ്വരത്തിൽ കരുതലും വാത്സല്യവും ആവോളം നിറഞ്ഞിരുന്നു.
മരണത്തിന്റെ തലേ ദിവസവും കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിൽ പോയി പ്രാർത്ഥിച്ചു. മരണം സംഭവിച്ചത് രാവിലെ ഇടവക പള്ളിയിൽ പോകാൻ വേണ്ടി എഴുന്നേറ്റ് അൽപം കഴിഞ്ഞപ്പോഴാണ്. വേദനിപ്പിക്കാതെ മരണം കൂട്ടിക്കൊണ്ടു പോകണേ എന്നുള്ള ടീച്ചറുടെ പ്രാർത്ഥന സഫലമായി.. പക്ഷെ, മരിക്കുന്നില്ല, ഇനിയും ജീവിക്കും ഗുരു ശിഷ്യ ബന്ധത്തിന്റെ സ്നേഹം നിറഞ്ഞ ആ ഓർമകൾ.
കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കൽ കുമ്പുക്കൽ കുടുംബാംഗമായ ടീച്ചർ എരുമേലി സെന്റ് തോമസ് ഹൈസ്‌കൂൾ, മേരികുളം, ഇളങ്ങുളം സ്കൂളുകൾ എന്നിവിടങ്ങളിൽ ഹിന്ദി അദ്ധ്യാപികയായിരുന്നു. എരുമേലി കണമല സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ താര ആണ് മകൾ. ദീപിക കൊച്ചി യുണിറ്റ് സീനിയർ സർക്കുലേഷൻ മാനേജരായ എരുമേലി സ്വദേശി ബിനോ വർഗീസ് ആണ് മരുമകൻ. അമൽ, അനു എന്നിവർ കൊച്ചുമക്കൾ. സംസ്കാരം തിങ്കൾ ഉച്ചക്ക് ശേഷം മൂന്നരയോടെ പുത്തൻകൊരട്ടി സെന്റ് ജോസഫ് പുത്തൻപള്ളിയിൽ. മൃതദേഹം തിങ്കൾ രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും.
