കൂട്ടിക്കൽ കൊലപാതകം പെൺകുട്ടിയുടെ അമ്മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൂട്ടിക്കൽ: പന്ത്രണ്ടുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൂട്ടിക്കൽ ചപ്പാത്ത് കണ്ടത്തിൽ ഷെമീറിന്റെ ഭാര്യ ലൈജീന(35) യെയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കൊലപാതകം നടന്ന കൂട്ടിക്കലിലെ വീട്ടിലെത്തിച്ചത്.
ഇക്കഴിഞ്ഞ 27-ന് വെളുപ്പിന് അഞ്ചിനാണ് ലൈജീന മകൾ ഷംന(12) യെ വീട്ടിലെ കിടപ്പുമുറിയിൽ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയ ലൈജീനയെ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം പറയുന്നത്.
രക്ഷാപ്രവർത്തകർ വീട്ടിലെത്തിയപ്പോഴേക്കും കുട്ടി മരിച്ച നിലയിലായിരുന്നു. ഭർത്താവ് ഷെമീർ വിദേശത്ത് ജോലിയിലായിരുന്നതിനാൽ അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. കേസിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചു. മുണ്ടക്കയത്ത് കോവിഡ് സെൻററിലെ ചികിത്സയ്ക്ക് ശേഷം രോഗമുക്തയായി. മുണ്ടക്കയം സി.ഐ. എ.ഷൈൻകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുത്തത്.
കൊലപാതകം നടത്തിയ രീതി ലൈജീന പോലീസിന് കാട്ടിക്കൊടുത്തു. തെളിവെടുപ്പിനുശേഷം കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റി. കുട്ടിയെ കൊലപ്പെടുത്താനിടയായ സാഹചര്യം കൂടുതൽ ചോദ്യംചെയ്യലിനും ശാസ്ത്രീയപരിശോധനകൾക്കും ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

