വനത്തിൽനിന്ന കൂറ്റൻമരം ഒടിഞ്ഞ് റോഡിലേക്ക് വീണു; വനപാലകർക്കുനേരെ പ്രതിഷേധവുമായി നാട്ടുകാർ

എരുമേലി: എരുമേലി-റാന്നി സംസ്ഥാനപാതയിലെ ശ്രീനിപുരത്ത് വനത്തിൽനിന്ന കൂറ്റൻമരം ഒടിഞ്ഞ് റോഡിന് കുറുകെ വൈദ്യുതിലൈനിൽ വീണു. രണ്ട് വൈദ്യുതി തൂണുകൾ ഒടിഞ്ഞു. അഞ്ച് മണിക്കൂറോളം ഗതാഗതം മുടങ്ങി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.

ശ്രീനിപുരം പുളിവേലിൽ സുലൈമാന്റെ വീടിന് സമീപമാണ് മരം ഒടിഞ്ഞുവീണത്. മൂന്നുമാസം മുമ്പും പ്രദേശത്ത് വനത്തിൽനിന്ന മരം റോഡിലേക്ക് ഒടിഞ്ഞുവീണ സംഭവമുണ്ടായിരുന്നു. റോഡിന്റെ ഒരുവശം വനവും, മറുഭാഗത്ത് നിരവധി വീടുകളുമുണ്ട്.

അപകടകരമായ മരങ്ങൾ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വനപാലകർക്ക് അപേക്ഷകൾ കൊടുത്തിട്ടും നടപടിയുണ്ടാകാത്തതാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി സ്ഥലത്തെത്തി. പോലീസും വനപാലകരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും, അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റാമെന്ന് ഉറപ്പ് ലഭിക്കണമെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഉറപ്പ് ലഭിച്ചതിന് ശേഷമാണ് നാട്ടുകാർ ശാന്തരായത്.

റോഡിൽവീണ മരം രാത്രി വൈകി മുറിച്ചുമാറ്റി ഗതാഗതത്തടസ്സം നീക്കി. പ്രദേശത്ത് വീടുകൾക്ക് അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടികൾ സ്വീകരിച്ചതായി പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു.

error: Content is protected !!