KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുടരുന്ന പെരുമഴ ; പാലങ്ങൾ മുങ്ങി എരുമേലിയുടെ കിഴക്കൻ മേഖല ഒറ്റപ്പെട്ടു.

എരുമേലി : ശക്തമായ കാറ്റും പിന്നാലെ അതി തീവ്ര മഴയും. അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങൾ വെള്ളത്തിനടിയിൽ ആയതോടെ എരുമേലിയുടെ കിഴക്കൻ മേഖലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പാലം മുങ്ങിയതോടെ പുറം ലോകവുമായി ഗതാഗത ബന്ധമില്ലാതെ അറയാഞ്ഞിലിമണ്ണ് ഗ്രാമം തീർത്തും ഒറ്റപ്പെട്ടു .

ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ പമ്പ, അഴുത നദികളിൽ വെള്ളം പരിധിവിട്ട് പൊങ്ങുകയായിരുന്നു. വ്യാഴം രാവിലെയോടെ അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങൾ കാണാനാവാത്ത വിധം വെള്ളത്തിനടിയിലായി. ഉച്ചക്ക് അൽപസമയം ജലനിരപ്പ് താഴ്ന്നപ്പോൾ ആണ് നാട്ടുകാർക്ക് മറുകര കടക്കാനായത്. എന്നാൽ വീണ്ടും പാലങ്ങൾ മുങ്ങിയതോടെ ആശങ്കയിലാണ് നാട്.

മൂക്കൻപെട്ടിയിൽ പാലം മുങ്ങിയതിനെ തുടർന്ന് കണമല വഴി തുലാപ്പള്ളി, എയ്ഞ്ചൽവാലി വഴിയാണ് സ്വകാര്യ ബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പടെ സഞ്ചരിച്ചത്. അതേസമയം മറുകര കടക്കാൻ കഴിയാതെ ഒറ്റപ്പെട്ട നിലയിലായിരുന്നു അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പ്രദേശങ്ങളിലെ നാട്ടുകാർ. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനായില്ല. അക്കരെ കടന്നവർക്ക് തിരികെ പോകാൻ കഴിയാതെ ബന്ധു വീടുകളിൽ തങ്ങുകയാണ്.

മേഖലയിൽ രാത്രിയിൽ തുടർച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെട്ടു. നിരവധി റബർ മരങ്ങൾ കട പുഴകി. വൈദ്യുതി ബന്ധം തടസപ്പെട്ടു. വനത്തിൽ നിന്നുള്ള മരങ്ങൾ പമ്പ, അഴുത നദികളിലൂടെ ഒഴുകി പാലങ്ങളിൽ അടിഞ്ഞ നിലയിലാണ്. മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ് പാലങ്ങളിൽ തങ്ങിക്കിടന്ന തടികൾ നാട്ടുകാർ ഉച്ചക്ക് വെള്ളം താഴ്ന്നപ്പോൾ മുറിച്ചു നീക്കി. വെള്ളപ്പൊക്ക സാധ്യത പ്രകടമായപ്പോൾ തന്നെ മൂക്കൻപെട്ടി പാലത്തിലെ കൈവരികൾ നാട്ടുകാർ ഊരി മാറ്റി വെച്ചിരുന്നു. പമ്പാ നദിയിലെ എയ്ഞ്ചൽവാലി പാലവും എരുമേലിയിൽ മണിമലയാറിലെ ഓരുങ്കൽകടവ്, പഴയിടം പാലങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

error: Content is protected !!