എരുമേലി പഞ്ചായത്തിൽ വിജിലൻസ് പരിശോധന : പരാതി അന്വേഷിക്കുവാൻ പമ്പാവാലിയിൽ തെളിവെടുപ്പ് നടത്തി
എരുമേലി : സംസ്ഥാനത്ത് പഞ്ചായത്തുകളിൽ ഇന്നലെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി എരുമേലി പഞ്ചായത്ത് ഓഫിസിലും പരിശോധന നടന്നു. പഞ്ചായത്ത് അംഗം നൽകിയ പരാതിയിലും സംഘം സ്ഥലം നേരിൽ കണ്ട് പരിശോധനയും തെളിവെടുപ്പും നടത്തിയാണ് മടങ്ങിയത്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇടുക്കി ജില്ലയിൽ നിന്നുള്ള എട്ട് അംഗ സംഘം ആണ് എരുമേലി പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയത്. ജില്ലകളിൽ രഹസ്യ മിന്നൽ പരിശോധനയ്ക്ക് പ്രത്യേക നിർദേശപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് എന്ന നിലയിൽ ആണ് എരുമേലിയിൽ പരിശോധന നടന്നത്.
ഓഫിസിലെ തൽസ്ഥിതി പ്രവർത്തനങ്ങൾ സംഘം പരിശോധിച്ചു. ഒപ്പം കമ്മറ്റി മിനിട്സുകളും രേഖകളും പരിശോധിച്ച സംഘം മിനിട്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ലന്ന് കണ്ടെത്തി. 2025 ൽ ഇതുവരെ നടന്ന 31 കമ്മറ്റികളിൽ 15 കമ്മറ്റികളുടെ മിനിട്സ് അംഗീകാരം നേടി പ്രസിദ്ധപ്പെടുത്തിയിട്ടില്ലന്ന് കണ്ടെത്തി. അതേസമയം പത്ത് കമ്മറ്റികൾ നടക്കാതെ റദ്ദാക്കപ്പെട്ടത് കൊണ്ടാണ് മിനിട്സ് ഇല്ലാത്തതെന്ന് പഞ്ചായത്ത് ഓഫിസിലെ ഉദ്യോഗസ്ഥർ വിശദീകരണം നൽകി. മണ്ണെടുപ്പ്, കെട്ടിട നിർമാണ അനുമതി, നികുതി രജിസ്റ്റർ തുടങ്ങിയവ ഉൾപ്പടെ രേഖകൾ പരിശോധിക്കുകയും പകർപ്പുകൾ എടുക്കുകയും ചെയ്ത വിജിലൻസ് സംഘം എയ്ഞ്ചൽവാലി വാർഡ് അംഗം മാത്യു ജോസഫിനെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കഴിഞ്ഞയിടെ മാത്യു ജോസഫ് വിജിലൻസ് വിഭാഗത്തിന് നൽകിയ പരാതി സംബന്ധിച്ചാണ് വിവരങ്ങൾ തേടിയത്. ഈ പരാതിയിലെ വിവരങ്ങൾ ശരിയാണോ എന്ന് അറിയാനായി പരിശോധക സംഘം മാത്യു ജോസഫുമായി പമ്പാവാലി എഴുകുംമണ്ണിലെ കുളം, പമ്പ – അഴുത നദീ സംഗമ സ്ഥലം എന്നിവിടങ്ങളിൽ ചെന്ന് തെളിവെടുപ്പ് നടത്തി. കുളം വൃത്തിയാക്കാനും പമ്പ – അഴുത നദീ സംഗമ സ്ഥലത്തെ കാട് തെളിക്കാനും പതിനായിരം രൂപ വീതം പെറ്റി വർക്ക് ഇനത്തിൽ ഫണ്ട് ചെലവിട്ടത് പണികൾ നടത്താതെ ആണെന്ന് മാത്യു ജോസഫ് നേരത്തെ പരാതി നൽകിയിരുന്നു. ഇത് ശരിയാണോ എന്ന് ബോധ്യപ്പെടാൻ ആണ് സംഘം ഈ സ്ഥലങ്ങൾ സന്ദർശിച്ചത്. ഈ പ്രവൃത്തികൾക്ക് പണം നൽകിയതിന്റെ കമ്മറ്റി തീരുമാനം പഞ്ചായത്ത് ഓഫീസിൽ സംഘം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല.
