മൃഗങ്ങളെ വനത്തിന്റെ അതിർത്തിക്കുള്ളിൽ തന്നെ ആകർഷിച്ചു നിർത്തുവാൻ എരുമേലി വന മേഖലയിൽ വിത്തുണ്ട പദ്ധതിക്ക് തുടക്കമായി, വനത്തിൽ 30,000 വിത്തുണ്ടകൾ നിക്ഷേപിക്കുന്നു .
കണമല: എരുമേലി വന മേഖലയിൽ ഇതാദ്യമായി വിത്തുണ്ട പദ്ധതിക്ക് തുടക്കമായി, വനത്തിൽ 30,000 വിത്തുണ്ടകളാണ് നിക്ഷേപിക്കുന്നത്. വിത്തുണ്ടകൾ വനത്തിനു ഉള്ളിലേക്ക് എറിയുകയാണ് ഇതിന്റെ പ്രവർത്തന രീതി . വനത്തിൽ വീഴുന്ന വിത്തുകൾ മുളച്ച് വളർന്ന് ഫലസമൃദ്ധിയിലായാൽ കാട് വിട്ട് മൃഗങ്ങൾ ഇനി നാട്ടിലേക്കെത്തില്ല എന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പിലാക്കുന്നത് .
വന്യജീവികൾക്ക് ഭക്ഷണം വർധിപ്പിക്കുക, പ്രകൃതിദത്ത ഫലവൃക്ഷങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് നടത്തുന്ന വിത്തൂട്ട് പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി. തുടക്കം കഴിഞ്ഞ ദിവസം പമ്പാവാലി കാളകെട്ടിയിൽ നടന്നു. വിവിധ ഫലവൃക്ഷങ്ങളുടെ 500 വിത്തുകൾ ആണ് കാളകെട്ടി വന മേഖലയ്ക്കുള്ളിൽ രണ്ട് ഭാഗങ്ങളിലായി എറിഞ്ഞത്. തേക്ക് പ്ലാന്റേഷനായി മാറിയിരുന്ന കാളകെട്ടി വന മേഖലയിൽ പ്ലാന്റേഷൻ മുറിച്ചു നീക്കിയ ഭാഗങ്ങളിലും പാരിസ്ഥിതിക പുനഃസ്ഥാപനം ആവശ്യമായ ക്ഷയോന്മുഖമായ പ്രദേശങ്ങളിലുമാണ് വിത്തുണ്ടകൾ നിക്ഷേപിക്കുന്നത്.
ഈ കാലവർഷ സീസണിൽ മൊത്തം 30,000 വിത്തുണ്ടകൾ ആണ് ഇങ്ങനെ എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിക്ഷേപമായി എറിയാൻ പദ്ധതി ആരംഭിച്ചതെന്ന് റേഞ്ച് ഓഫിസർ ഹരിലാൽ പറഞ്ഞു. അടുത്ത ഘട്ടത്തിൽ വീണ്ടും വിത്തുണ്ടകൾ എറിയും. അര ലക്ഷം വിത്തുണ്ടകൾ എറിയാനാണ് ആലോചിക്കുന്നത്. ഇതിനായി വിത്തുകളുടെ ശേഖരണവും വിത്തുണ്ട നിർമാണവും ആരംഭിച്ചു കഴിഞ്ഞു. വനസംരക്ഷണ സമിതികൾ മുഖേനയാണ് വിത്തുണ്ടകൾ വനമേഖലയിൽ ഏറിയുക. വിത്തുണ്ടകളുടെ നിർമാണവും വനപാലകരുടെ മേൽനോട്ടത്തിൽ സമിതികൾ ആണ് നടത്തുക. വനത്തിനുള്ളിലെ ഭക്ഷണലഭ്യത വർദ്ധിപ്പിക്കുന്നതിലൂടെ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുക, പരിസ്ഥിതി പുനഃസ്ഥാപിക്കുക, പാരിസ്ഥിതിക സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മണ്ണിന്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ നാടൻ വിത്തുകളാണ് വിത്തുണ്ടയിൽ ഉള്ളത്. മണ്ണ്, ചാണകം, മഞ്ഞൾ തുടങ്ങിയവ ചേർത്തുള്ള ആവരണമുണ്ടാകും. ഒപ്പം വളർച്ചയ്ക്കാവശ്യമായ ധാതുലവണങ്ങളുമുണ്ടാകും. ധാന്യഭോജികൾ, ഷഡ്പദങ്ങൾ,
കരണ്ടുതീനി ജീവികൾ എന്നിവ വിത്തുകൾ ഭക്ഷണമാക്കുന്നത് തടയാൻ വേണ്ടിയാണ് വിത്തുകൾ മണ്ണിന്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ് ചാണകം, മഞ്ഞൾ എന്നിവ ചേർത്ത് നിർമിക്കുന്നത്. വിത്തുകൾ പൊട്ടി മുളച്ച് വളരാനുള്ള വളം, രോഗ പ്രതിരോധ ശേഷിക്ക് മഞ്ഞളും ഉള്ളതിനാൽ വളർച്ച പ്രതീക്ഷിക്കാം. സസ്യഭുക്കുകളായ വന്യ ജീവികൾ ഭക്ഷണമാക്കുന്ന ഞാവൽ, പ്ലാവ്, മാവ്, മുള, ചാമ്പ, വാളംപുളി, കൊടമ്പുളി, വെട്ടി തുടങ്ങി വിവിധയിനം ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളിൽ ഉള്ളത്.
കാളകെട്ടിയിൽ ഫലവൃക്ഷ വിത്തു ബോളുകൾ വിതറുന്നതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി വിനോദ് കുമാർ നിർവഹിച്ചു. വന സംരക്ഷണ സമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എം എസ് സതീശ്, എം എസ് സന്തോഷ്, ഇന്ദിര, വി പി മോഹനൻ, എ കെ രാധാകൃഷ്ണൻ, രവിന്ദ്രൻ നായർ, .പിതാംബരൻ, അനി അജി, കെ കെ രാജു, ഭാസ്ക്കരൻ തുടങ്ങിയവർ പങ്കെടുത്തു.
