വീട്ടിൽ വളർത്തിയിരുന്ന ആടിനെ അജ്ഞാതജീവി കൊന്നു ; പുലിയെന്ന് സംശയം..
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിൽ കോങ്ങാട് പ്രദേശത്ത് പുലി ഇറങ്ങിയതായി സംശയം. കഴിഞ്ഞദിവസം മുണ്ടത്താനം ഫിലിപ്പിന്റെ ആടിനെ ചത്തനിലയിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്.
കഴിഞ്ഞദിവസമാണ് വീട്ടിൽ വളർത്തിയിരുന്ന ആടിനെ കൊന്ന് ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ചനിലയിൽ കണ്ടെത്തിയത്. വനപാലകർ സ്ഥലം നിരീക്ഷിച്ച ശേഷം കാമറകൾ സ്ഥാപിച്ചു. പുലിക്ക് സമാനമായ മൃഗമാണ് ആടിനെ കൊന്നതെന്നാണ് വനപാലകരുടെ സംശയം. രാത്രിയിൽ കൂടുതൽ സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. രാത്രി പരിശോധന തുടരാനാണ് വനവകുപ്പ് തീരുമാനം.
കൊങ്ങാട് പുലി ഇറങ്ങിയെന്ന പ്രചരണത്തിന് പിന്നാലെ ആനചാരി, അമലഗിരി, അഴങ്ങാട് തുടങ്ങിയ സമീപപ്ര ദേശങ്ങളിലുള്ളവരും ഭീതിയിലാണ്. ഏതാനും മാസം മുമ്പ് അമലഗിരിയിൽ ജനവാസ മേഖലയിൽ കാട്ടാനകൾ എത്തിയിരുന്നു. കെ.കെ.റോഡിൽ നിന്ന് ഏതാനും മീറ്റർ അകലെ വരെ എത്തിയ കാട്ടാനയെ പിന്നീട് വനംവകുപ്പ് തുരത്തി ഓടിക്കുകയായിരുന്നു. മുൻപ് പ്രദേശത്ത് കാട്ടുപോത്തും എത്തിയിട്ടുണ്ട് . . മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, കേഴ, വിവിധയിനം വിഷപ്പാമ്പുകൾ എന്നിവയുടെ ശല്യം കൊണ്ട് നാട്ടുകാർ പൊറുതിമുട്ടുന്നതിനിടയാണ് പ്രദേശത്തു പുലിയുടെ സാന്നിധ്യവും കണ്ടെത്തിയത് . കേഴ പോലുള്ള കാട്ടുമൃഗങ്ങൾ കൂടുതലായി പ്രദേശത്തുള്ളതിനാൽ ഇവയെ ഭക്ഷണമാക്കുന്ന കൂടുതൽ വന്യ മൃഗങ്ങൾ എത്തിയേക്കുമെന്നും ആശങ്കയുണ്ട്.
പലവിധ കാരണങ്ങളാൽ കൃഷിഭൂമി വെട്ടിത്തെളിക്കാതെ കിടക്കുന്നത് കാട്ടുമൃഗശല്യം കൂടാൻ കാരണമാകുന്നുണ്ട്. പല പുരയിടങ്ങളും ചെറുവനങ്ങൾക്ക് സമാനമാണ്. പ്രദേശത്തു ആവശ്യത്തിന് വെള്ളം ലഭിക്കുമെന്നതും കൂടുതൽ മൃഗങ്ങളെ ആകർഷിക്കുന്നു.
സാധാരണക്കാരായ കർഷക കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന മേഖലയാണ് കോങ്ങാട്. പഞ്ചായത്തിലെ യാത്രാക്ലേശം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിൽ ഒന്നുമാണ്. ജനപ്രതിനിധികളും വനം വകുപ്പ് ഉദ്ഘോഗസ്ഥരും അടിയന്തിരമായി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .
