KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് കസ്റ്റഡിയിൽ എടുത്തു ; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസ് എടുത്തു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ബസിൽനിന്ന് തെറിച്ചുവീണ് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു . പരിക്കേറ്റ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കാഞ്ഞിരപ്പള്ളി പോലീസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിനിയിൽനിന്ന് ശനിയാഴ്ച രാവിലെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.

അപകടത്തിനിടയാക്കിയ ബസ് സംഭവ ദിവസം രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബസ് ഇപ്പോൾ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാർക്കെതിരെ ലൈസൻസ് സൻപെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നോട്ടീസ് നൽകിയ ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടികളിലേയ്ക്ക് കടക്കുക.

വെള്ളിയാഴ്ച വൈകുന്നേരമാണ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽനിന്ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്ത് വച്ച് വിദ്യാർഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ക്ലാസ് കഴിഞ്ഞ് പോകും വഴി അപകടത്തിൽപ്പെട്ടത്.

കാഞ്ഞിരപ്പള്ളി പാലാ റൂട്ടിലോടുന്ന വാഴയിൽ ബസിൽ നിന്നാണ് വിദ്യാർഥിനി താഴെ വീണത്. വിദ്യാർഥിനി താഴെവീണിട്ടും ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുവാനോ ജീവനക്കാർ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും നടപടികളിലേയ്ക്ക് കടന്നത്.

error: Content is protected !!