പ്രൊഫ. ഡോ. മ്യൂസ് മേരി ജോർജ്ജിനെ കാഞ്ഞിരപ്പള്ളിയിൽ ആദരിക്കുന്നു.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ, പ്രസിദ്ധ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആയ പ്രൊഫ. ഡോ. മ്യൂസ് മേരി ജോർജ്ജിന് വനിത രത്ന പുരസ്കാരം നൽകി കാഞ്ഞിരപ്പള്ളിയിൽ ആദരിക്കുന്നു. തിരുവതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന, കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ അക്കമ്മ ചെറിയാന്റെ പുർണകായ ശില്പം സഹൃദയ വായനശാലയുടെ മുറ്റത്ത് അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ വച്ചാണ് ഡോ. മ്യൂസ് മേരി ജോർജ്ജിന് പുരസ്‌കാരം സമ്മാനിക്കുന്നത് .
കാഞ്ഞിരപ്പള്ളിയിൽ പാലമ്പ്രയിൽ അധ്യാപക ദമ്പതികളുടെ മകളായി ജനിച്ച മ്യൂസ് മേരി ജോർജ് , മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും എം.ഫില്ലും. പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി.യും ലഭിച്ചു. തുടർന്ന് യു.സി. കോളേജിലെ മലയാള വിഭാഗം അധ്യാപികയായി ജോലി ചെയ്തു.
ഇസ്പേഡുറാണി, രഹസ്യേന്ദ്രിയങ്ങൾ (കവിത), സ്ത്രീയേ എനിക്കും നിനക്കും എന്ത് (പഠനം), ഉടലധികാരം, മെർക്കുറി: ജീവിതത്തിന്റെ രസമാപിനി (ലേഖനം) പഴയ കൃതി പുതിയ വായന, സ്ത്രീപക്ഷ മാധ്യമ പഠനങ്ങൾ (സംയോജക) എന്നിവയാണ് അവർ രചിച്ച പുസ്തകങ്ങൾ. മ്യൂസ് മേരി ആനുകാലികങ്ങളിൽ സജീവമായി എഴുതാറുണ്ട്. നകുൽ വി.ജി. എഴുതിയ ‘ജലം പോലെ തെളിഞ്ഞ’എന്ന പുസ്തകം മ്യൂസ് മേരിയുടെ എഴുത്തിനെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നു.
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസിന്റെ ഡയറക്ടറായി പ്രഥ.ഡോ. മ്യൂസ് മേരി ജോർജ് ഇപ്പോൾ പ്രവർത്തിക്കുന്നു.
