പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ തീർഥാടകരുടെ ബസ് താഴ്ന്നു ; ഒഴിവായത് വൻ ദുരന്തം
എരുമേലി • കാളകെട്ടി ക്ഷേത്രത്തിനു സമീപം റോഡ് അരികിലെ കുഴിയിൽ തീർഥാടകരുടെ ബസ് താഴ്ന്നു. ജല ജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച കുഴിയിലാണ് തിങ്കളാഴ്ച വൈകിട്ട് ബസ് താഴ്ന്നത്. തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരുടെ സംഘം
സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. റോഡിന്റെ ഒരു വശത്ത് വലിയ താഴ്ചയാണ് . അതിനാൽ തന്നെ, കുഴിയിൽ വീണ ബസ് കൂടുതൽ ചെരിഞ്ഞിരുന്നെങ്കിൽ താഴ്ചയിലേക്ക് മറിഞ്ഞു, വൻ ദുരന്തം ഉണ്ടാകുമായിരുന്നു .
മറ്റൊരു വാഹനത്തിന് സൈഡ് നൽകുമ്പോൾ ടയർ കുഴിയിൽ താഴുകയായിരുന്നു. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ മണ്ണുമാന്തി ഉപയോഗിച്ച് ബസ് റോഡിലേക്ക് മാറ്റി. റോഡരികിൽ കുഴി മൂടിയ മണ്ണ് ഉറയ്ക്കാതെ കിടക്കുകയാണ് . മണ്ണിന് മുകളിൽ പുല്ല് കയറി കിടക്കുന്നതിനാൽ , റോഡിന്റെ സൈഡിൽ കോൺക്രീറ്റ് ആണോ, മണ്ണ് ആണോ എന്ന് ഡ്രൈവർമാർക്ക് അറിയുവാൻ പറ്റുന്നില്ല, അതിനാൽ തന്നെ , വാഹനം സൈഡിലേക്ക് ഒതുക്കുമ്പോൾ, കുഴിയിലേക്ക് താഴുന്നത് പതിവാണ് .
