പൊടിമറ്റത്തെ വെയ്റ്റിംഗ് ഷെഡ് പൊളിച്ചു ; പുതിയ വെയ്റ്റിംഗ് ഷെഡിനൊപ്പം ഷോപ്പിംഗ് കോംപ്ലക്സ് പണിയുവാനുള്ള പഞ്ചയത്തിന്റെ നീക്കത്തിൽ എതിർപ്പുമായി നാട്ടുകാരും സെന്റ് മേരിസ് പള്ളി ഇടവകാംഗങ്ങളും. ഒടുവിൽ വഴങ്ങി അധികൃതർ.
പാറത്തോട് : ദേശീയപാത 183-ൽ പൊടിമറ്റത്ത്, സെന്റ് ഡൊമിനിക്‌സ് കോളേജിന്റെ മുൻപിൽ സ്ഥിതി ചെയ്തിരുന്ന വെയ്റ്റിംഗ് ഷെഡ് പൊളിച്ച്, മുന്നു വശങ്ങളിലും മറയുള്ള വെയ്റ്റിംഗ് ഷെഡിനൊപ്പം, വ്യാപാര സ്‌ഥാപനവും നിർമിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും സെന്റ് മേരിസ് പള്ളി ഇടവകാംഗങ്ങളും. ഒടുവിൽ സാധാരണ രീതിയിലുള്ള വെയ്റ്റിംഗ് ഷെഡ് നിർമിക്കാം എന്ന് എംഎൽഎയും പഞ്ചായത്ത് അധികൃതരും ഉറപ്പുനൽകി.
സെന്റ് ഡൊമിനിക്സ് കോളജിന് മുൻപിൽ, സെന്റ് മേരീസ് പള്ളി വിട്ടുനൽകിയ സ്‌ഥലത്ത് മുൻഭാഗം തുറന്നും വശങ്ങൾ കെട്ടിമറച്ചുമുള്ള വെയ്റ്റിംഗ് ഷെഡ് ആണുണ്ടായിരുന്നത് . രാത്രിയിൽ ഇവിടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായിരുന്നു. ഇതോടെയാണ് സാധാരണ വെയ്റ്റിംഗ് ഷെഡ് മതിയെന്ന ആവശ്യമുയർന്നത്. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് അധികൃതരും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും സ്ഥലത്ത് എത്തി ഇടവക വികാരി ഫാ.മാർട്ടിൻ വെള്ളിയാംകുളവുമായും, പ്രതിഷേധക്കാരുമായും ചർച്ച നടത്തി. തുറസ്സായ വെയ്റ്റിംഗ് ഷെഡ് നിർമിക്കാനുള്ള പ്ലാനും എസ്‌റ്റിമേറ്റും പുതുക്കി നടപടി സ്വീകരിക്കാനാണ് തീരുമാനമായത്.
പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ പൊതുമരമാത്ത് കെട്ടിടവിഭാഗത്തിന് നിർദേശം നൽകി. കടമുറി ഒഴിവാക്കിക്കൊണ്ടുള്ള കാത്തിരിപ്പുകേന്ദ്രമാകും നിർമിക്കുകയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പുതിയ വെയ്റ്റിംഗ് ഷെഡിന്റെ നിർമാണ ഉദ്ഘാടനം എംഎൽഎ നടത്തി. പുതിയ രൂപരേഖ തയ്യാറാക്കിയ ശേഷമാകും നിർമാണം ആരംഭിക്കുക.
