എരുമേലിയിലെ ശുചീകരണം : പ്രതിഫലം കിട്ടിയില്ല; ഏറെ വിഷമത്തോടെ സമരം നടത്തി വിശുദ്ധിസേനാംഗങ്ങൾ.
എരുമേലി : മണ്ഡല – മകരവിളക്ക് കാലത്ത് എരുമേലി ധർമ ശാസ്താക്ഷേത്ര പരിസരങ്ങളിലും നഗരത്തിലും ശുചീകരണം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള വിശുദ്ധി സേനാംഗങ്ങൾ പ്രതിഫലം ലഭിക്കാഞ്ഞതിനെ തുടർന്ന് ധർമശാസ്താക്ഷേത്രം കവാടത്തിനു മുന്നിൽ പ്രതിഷേധിച്ചു. രാവിലെ മുതൽ ഉച്ചവരെ ക്ഷേത്രകവാടത്തിനു മുന്നിൽ ചൂലും കൊട്ടയും അടക്കം ശുചീകരണ വസ്തുക്കളുമായി കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
66 ദിവസമായി ശുചീകരണം നടത്തുന്ന 125 പേർ അടുത്ത ദിവസം നാട്ടിലേക്ക് തിരികെ പോകാനിരിക്കുകയാണ്. ഇതുവരെ പണം ലഭിക്കാതെ വന്നതോടെയാണ് വിശുദ്ധിസേനാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തു വന്നത്. ദിവസം 550 രൂപ പ്രകാരമാണ് പ്രതിഫലം ലഭിക്കുന്നത്. 66 ദിവ സം ജോലി ചെയ്‌തതിൽ 31 ദി വസത്തെ 17050 രൂപ ശമ്പളം ഇവർക്ക് അക്കൗണ്ടിൽ ലഭിച്ചു. ബാക്കി 35 ദിവസത്തെ 19250 രൂപയാണ് ഇനിയും ലഭിക്കാനുള്ളത്. ഈ പണം ലഭിക്കാതെ വന്നതോടെ നാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാതെ ഇവർ ബുദ്ധിമുട്ടുകയാണ്. എല്ലാവർക്കും കൂടി 24 ലക്ഷത്തിൽ പരം രൂപ ആണ് കിട്ടാനുള്ളത്.
ഇന്നലെ വരെയായിരുന്നു ഇവർക്ക് സൗജന്യ താമസവും ഭക്ഷണവും കരാർ പ്രകാരം ദേവസ്വം ബോർഡിൽ നിന്നുള്ളത്. ഇത് കഴിഞ്ഞതോടെ ആണ് ശമ്പളം പ്രതീക്ഷിച്ച് എരുമേലിയിൽ തങ്ങാൻ ഭക്ഷണവും താമസവും ഇല്ലാത്തതിനാൽ മടങ്ങുന്നതെന്ന് ഇവർ പറയുന്നു.
തിരികെ പോകാൻ വണ്ടിക്കൂലി പോലും ഇല്ലെന്നാണ് ഇവർ പറയുന്നത്. പണം ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ റോഡ് ഉപരോധം ആരംഭിക്കുമെന്നും വിശുദ്ധിസേനയിലെ അംഗങ്ങൾ അറിയിച്ചു.
ദേവസ്വം ബോർഡ് ആണ് വി ശുദ്ധിസേനയ്ക്കു പണം അനുവദിക്കുന്നത്. ദേവസ്വം ബോർഡ് സർക്കാരിലേക്ക് പണം ലഭ്യമാക്കും. ഈ പണം റവന്യു വകുപ്പ് വഴി പത്തനംതിട്ട ജില്ലാ കലകടർക്കാണു അനുവദിക്കുന്നത്. എരുമേലിയിൽ സേവനം ചെയ്യുന്ന വിശുദ്ധി സേനാംഗങ്ങൾക്ക് അവരുടെ അക്കൗണ്ടിലേക്ക് കോട്ടയം ജില്ലാ കലക്ടർ വഴിയാണ് പണം നൽകുന്നത്.
