KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പക്ഷിപ്പനി സ്ഥീരീകരിച്ച കാഞ്ഞിരപ്പള്ളി വില്ലണിയിലെ കോഴിഫാമിലെ കോഴികളെ കൊന്നൊടുക്കി

കാഞ്ഞിരപ്പള്ളി പക്ഷിപ്പനി (എച്ച്5 എൻ1) സ്‌ഥിരീകരിച്ച കോഴി ഫാമിൽ കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തി. ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടറുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ഈരാറ്റുപേട്ട റൂട്ടിൽ ആനക്കല്ല് വില്ലണിയിൽ 2500 – 3000 കോഴികളുള്ള ഫാമിലാണു പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് കള്ളിങ് നടപടികൾ 4 മണിയോടെ പൂർത്തീകരിച്ചു. ഫാമിലെ കോഴികൾ ക്കു പുറമേ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള തിടനാട് പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെടെ വളർത്തുപക്ഷികൾ, കോഴികൾ എന്നിവയെയും നടപടിക്കു വിധേയമാക്കി.

മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വനം, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നിവർ ഉൾപ്പെടുന്ന റാപ്പിഡ് റെസ്പോൺസ് ടീം നടപടികൾക്കു നേത്യത്വം നൽകി.

ഒറ്റപ്പെട്ട് പ്രവർത്തിക്കുന്ന ഫാം ആയതിനാൽ രോഗവ്യാപനം കൂടുതലായി ഉണ്ടായിട്ടില്ല. ഇവിടെ നിന്നുള്ള രോഗ സാധ്യതകൾ ഇനി ഉണ്ടാകില്ലെന്നും മറ്റെവിടെയെങ്കിലും ഫാമിൽ രോഗസാധ്യത ഉണ്ടായാൽ നടപടികൾ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫിസർ അറിയിച്ചു.

തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച ഇറച്ചിക്കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും കർശനമാക്കും.

ദേശാടനപ്പക്ഷികൾ കൂടുതലായി വരാറുള്ള, താറാവു കൃഷി വ്യാപകമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖകളിലാണു പക്ഷിപ്പനി കൂടുതലായി കണ്ടെത്തിയിരുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പ്രദേശങ്ങളിൽ ഇതുവരെ പക്ഷിപ്പനി ഉണ്ടായിട്ടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിൽ 20 ദിവസം പ്രായമായ കോഴികളിലാണു രോഗം കണ്ടെത്തിയത്. തമിഴ്‌നാട് നാമക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് കോഴികളെ എത്തിക്കുന്നത്. ഈ പ്രദേശത്തു നിന്നു രോഗം പിടിപെട്ട് എത്തിച്ച കോഴിയിൽ നിന്നാകാം വ്യാപനം ഉണ്ടായതെന്നു കരുതുന്നു.

error: Content is protected !!