തകർന്നുകിടക്കുന്ന ശബരിമല സമാന്തരപാതയുടെ അപാകത പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ; ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ആശാ ജോയി സന്ദർശിച്ചു.
എരുമേലി : എരുമേലി – പമ്പ ശബരിമല തീർത്ഥാടന പാതയിൽ കണമല അട്ടിവളവ് ഭാഗത്ത് നിരന്തരം തീർത്ഥാടകർ വലിയ അപകടത്തിൽ പെടുന്ന സാഹചര്യത്തിൽ, 2014 ൽ ഏഴു കോടിയോളം രൂപ മുടക്കി സംസ്ഥാന സർക്കാർ എരുത്വപുഴ കണമല സമാന്തരപാത നിർമ്മിക്കുകയുണ്ടായി എന്നാൽ നിർമ്മാണത്തിലെ അപാകത മൂലം, ആ റോഡിലൂടെയുള്ള തീർത്ഥാടന വാഹന ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു . 2021 പെരുമഴക്കാലത്ത് ഈ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരുന്നു .
ഈ ശബരിമല തീർത്ഥാടന പാത അടുത്ത തീർത്ഥാടന കാലത്തെങ്കിലും ഗതാഗതയോഗ്യമാക്കി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട്
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ആശാ ജോയിക്ക് പ്രദേശവാസികൾ നൽകിയ നിവേദനം പരിഗണിച്ച്, ആശാ ജോയി റോഡിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കുവാൻ പ്രദേശത്ത് സന്ദർശനം നടത്തി.. ഈ റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി .
കണമല വാർഡ് മെമ്പർ ദേവസ്യാച്ചൻ കൊച്ചു മണിക്കുന്നേൽ. ടിവി ജോസഫ്, ബിനു നിരപ്പേൽ. തോമസ് പുതുപ്പള്ളിൽ, റ്റെഡി കണ്ടത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കണമല ഇറക്കത്തിന്റെ സമാന്തരപാത ഗതാഗത യോഗ്യമാക്കണമെന്ന് ഏറെ നാളുകളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട് . മരാമത്ത് വകുപ്പ് പഞ്ചായത്തിന് കൈമാറിയ ഈ റോഡ് മരാമത്ത് വകുപ്പ് തന്നെ ഏറ്റെടുത്താലാണ് ആവശ്യമായ ഫണ്ട് വിനിയോഗിച്ച് ഗതാഗത യോഗ്യമാക്കാൻ കഴിയുക. പ്രളയവും ഉരുൾപൊട്ടലും മൂലം തകർന്ന ഈ റോഡിൽ ഇതിന് ശേഷം പണികൾ നടത്താൻ കഴിഞ്ഞിട്ടില്ല. പൊതുമരാമത്ത് വകുപ്പ് 2014 ൽ ഏഴ് കോടി ചെലവിട്ട് നിർമിച്ചതാണ് ഒരു കിലോമീറ്റർ ദൂരമുള്ള സമാന്തര പാത. എരുമേലി – പമ്പ ശബരിമല തീർത്ഥാടന പാതയിൽ കണമല ഇറക്കത്തിലും അട്ടിവളവിലും നിരന്തരം തീർത്ഥാടകർ അപകടത്തിൽ പെടുന്ന സാഹചര്യത്തിൽ ആണ് സുരക്ഷിത പാതയായി സമാന്തര പാത നിർമിച്ചത്. എരുത്വാപ്പുഴ മുതൽ കണമല വരെ എത്തുന്ന പഴയ നാട്ടുവഴി വികസിപ്പിച്ച് നിർമാണം നടത്തിയതിനൊടുവിൽ പണികളിലെ അപാകതകൾ മൂലം സുരക്ഷിതത്വം ഇല്ലെന്ന് പറഞ്ഞ് ശബരിമല തീർത്ഥാടക വാഹനങ്ങളെ പോലിസ് ഇതുവഴി കടത്തിവിട്ടിരുന്നില്ല. അപാകതകൾ നീക്കാൻ കരാറുകാരൻ സ്വന്തം ചെലവിൽ പണികൾ നടത്തിയെങ്കിലും അപകട സാധ്യത ഒഴിഞ്ഞില്ല. ഇതോടെ ഈ റോഡിൽ ശബരിമല തീർത്ഥാടന യാത്ര പൂർണമായി പോലിസ് വിലക്കുകയായിരുന്നു.
ഇതിന് ശേഷം പ്രളയവും ഉരുൾപൊട്ടലും മൂലം റോഡ് പൂർണമായും തകർന്നു. 2021ൽ പെരുമഴക്കാലത്ത് ഈ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരുന്നു. ഏതാനും ഭാഗം മുൻ പഞ്ചായത്ത് ഭരണകാലത്ത് കോൺക്രീറ്റ് ചെയ്തെങ്കിലും റോഡിൽ വിപുലമായ നിലയിൽ പണികൾ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് മരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
