ക്രിസ്ത്യൻ പള്ളിയിലേക്ക് റോഡിന് സൗജന്യമായി സ്ഥലം നൽകി മുസ്ലിം കുടുംബങ്ങൾ ; കനകപ്പലം- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി റോഡ് ഗതാഗത യോഗ്യമായി..
എരുമേലി : നിരവധി വിശ്വാസികൾ എത്തുന്ന ക്രിസ്ത്യൻ പള്ളിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുവാൻ സഹായിക്കണം എന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭ്യർത്ഥിച്ചപ്പോൾ , സന്തോഷത്തോടെ സൗജന്യമായി അതിന് സ്വന്തം സ്ഥലം വിട്ടുനൽകി മുഹമ്മദ് ഷായും സൈനബയും ഉൾപ്പടെ കുടുംബങ്ങൾ. ആകെ മൂന്ന് സെന്റ് മാത്രമുള്ള വിധവ കൂടിയാണ് സൈനബ. ഇവർക്കെല്ലാം ഗതാഗത സൗകര്യം മെച്ചപ്പെടുത്തി റോഡ് നന്നാക്കി നിർമിക്കാൻ നേതൃത്വം നൽകി പള്ളി അധികൃതർ.. മതമൈത്രിയ്ക്ക് പേരുകേട്ട എരുമേലിയിൽ സ്നേഹം കൊണ്ട് വികസിച്ച ഈ റോഡിന് ഫണ്ട് നൽകി നിർമാണം നടത്തിയത് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.
എരുമേലിയിലെ കനകപ്പലം- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി റോഡ് ആണ് വലിയ കുത്തിറക്കമുള്ള മൺറോഡ് ആയിരുന്നത് വീതി കൂട്ടി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. നിർമാണം പൂർത്തിയായി റോഡ് തുറന്നു കൊടുത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് ആണ് കോൺക്രീറ്റ് ചെയ്തത്.
ഉദ്ഘാടന യോഗത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോൺ സാമുവൽ അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ സുനിൽ ചെറിയാൻ, പൊതുപ്രവർത്തകരായ ബിനോ ജോൺ ചാലക്കുഴി,സി.പി മാത്തൻ, സ്ഥലം വിട്ടുനൽകിയ കുടുംബാംഗം ഇസ്മായിൽ മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പള്ളി റോഡ് നിലവിൽ വലിയ കുത്തിറക്കമുള്ള മൺറോഡ് ആയിരുന്നു. പള്ളിയിൽ വരുന്നവരും പ്രദേശവാസികളും ഇത് മൂലം വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. റോഡ് ആരംഭിക്കുന്ന ഭാഗത്ത് വീതി ഇല്ലാതിരുന്നതുമൂലം സമീപ സ്ഥല ഉടമസ്ഥരായ മുഹമ്മദ് ഷാ, മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള വിധവയായ സൈനബ എന്നിവർ ഭൂമി സൗജന്യമായി വിട്ടു നൽകാൻ തയ്യാറായതിനെത്തുടർന്ന് ആണ് കോൺക്രീറ്റിങ്ങും പുനരുദ്ധാരണ പ്രവർത്തികളും നടപ്പിലാക്കാൻ കഴിഞ്ഞത്.
