KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറുവള്ളി പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ..ഗർഡറുകൾ സ്ഥാപിച്ചു ; നാലുമാസത്തിനുള്ളിൽ പണിതീർത്ത് ഗതാഗതത്തിന് തുറന്നുകൊടുക്കും ;

മണിമല : 2021-ലെ പ്രളയത്തിൽ തകർന്ന ചെറുവള്ളി പള്ളിപ്പടിയിലെ നടപ്പാലത്തിനു പകരമായി നിർമാണമാരംഭിച്ച് ജോലികൾ നിലച്ചിരുന്ന പാലത്തിന്റെ നിർമാണം പുനരാരംഭിച്ചു. 9.61 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത് . പാലത്തിന്റെ നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, ബുദ്ധിമുട്ട് എറിയതുമായ ഗർഡറുകളുടെ സ്ഥാപനം നടന്നു . ഒൻപത് ഗർഡറുകളാണ് സ്പാനുകളിൽ സ്ഥാപിച്ചത് .

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത കടന്നുപോകുന്ന ചിറക്കടവ് പഞ്ചായത്തിനെയും മണിമല പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മണിമലയാറിനു കുറുകെയുള്ള പാലമാണിത്.
പാലത്തിന്റെ പ്രാരംഭജോലികൾ പൂർത്തിയായപ്പോൾ ജോലികൾ തടസ്സപ്പെട്ടു. പാലത്തിന്റെ തൂണുകളുടെ നിർമാണവേളയിൽ പള്ളിപ്പടിയിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സംരക്ഷണകെട്ടിന്റെ ഏതാനുംഭാഗം ഇടിഞ്ഞിരുന്നു. പഴയപാലത്തിന്റെ അപ്രോച്ച് റോഡിനു *സമീപമാണ് കരിങ്കൽ കെട്ട് തകർന്നത്. ഇതേതുടർന്ന് സംസ്ഥാനപാതയുടെ കരാറുകാർ 48 -ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പാലത്തിന്റെ കരാറുകാരനെതിരേ കേസ് നൽകിയിരുന്നു.

തുടർന്ന് പാലത്തിന്റെ നിർമാണ ജോലികൾ തടസ്സപ്പെട്ടു. നഷ്ടപരിഹാരത്തിനായി നൽകിയിരുന്ന കേസ് പരിഹരിച്ചതിനെ തുടർന്നാണ് ഇപ്പോൾ പാലം പണി പുനരാരംഭിച്ചത്.

മണിമലയാറ്റിൽ തൂണുകൾ പൂർത്തിയായ സ്‌പാനുകളിൽ സ്ഥാപിക്കാനുള്ള ഒൻപത് കൂറ്റൻ കോൺക്രീറ്റ് ഗർഡറുകൾ നേരത്ത പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച്‌ചയും ചൊവ്വാഴ്ചയുമായി ഗർഡറുകൾ ക്രയിൻ ഉപയോഗിച്ച് ഉയർത്തി സ്‌പാനുകളിൽ സ്ഥാപിച്ചു. ഒൻപത്
ഒൻപത് ഗർഡറുകളാണ് സ്ഥാപിച്ചത്.

ഏറ്റവും പ്രയാസമേറിയ ഗർഡറുകളുടെ സ്ഥാപനം കഴിഞ്ഞതോടെ , ബാക്കി പണികൾ വേഗം പൂർത്തിയാക്കും. നാല് മാസത്തിനുള്ളിൽ നിർമ്മണം പൂർത്തീകരിച്ചു ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജ് പറഞ്ഞു .

error: Content is protected !!