വിമാനത്താവളം വേണം, പക്ഷേ .. എരുമേലിയിൽ നടന്ന ഹിയറിങ്ങിൽ സമ്മിശ്ര പ്രതികരണം..
എരുമേലി : നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എരുമേലിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പൊതു ഹിയറിങ്ങിൽ പ്രദേശവാസികളിൽ നിന്നും സമ്മിശ്ര പ്രതികരണം… വിമാനത്താവളം വരുന്നതിൽ എല്ലാവരും തന്നെ അനുകൂലിച്ചെങ്കിലും, സ്ഥലം കൊടുക്കേണ്ടിവന്നവരിൽ നിന്നും വലിയ വിമർശനങ്ങളും ഉയർന്നു. റിപ്പോർട്ടിൽ പലതും സുതാര്യമല്ല എന്നായിരുന്നു പ്രധാന പരാതി .
നിലവിൽ ഹൈക്കോടതിയിൽ കേസിലായിരിക്കുന്ന വിമാനത്താവള പദ്ധതിയ്ക്ക് പൊതുജന ഹിയറിങ്ങ് നടത്തുന്നത് കോടതിയലക്ഷ്യമാണെന്നുള്ള ആക്ഷേപം ആണ് പ്രധാനമായി ഉയർന്നത്. പദ്ധതിയുടെ നിർമാണത്തിൽ നേരിടേണ്ടി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നിരവധി പേർ ഉന്നയിച്ചു. ചെറുവള്ളി എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് വിമാനത്താവള പദ്ധതി നടപ്പിലാക്കണമെന്നാണ് ഹിയറിങ്ങിൽ എല്ലാവരും പൊതു അഭിപ്രായമായി ഉന്നയിച്ചത്. ഈ ഹിയറിങ്ങ് പ്രശ്ന പരിഹാര വേദി അല്ലന്നും ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങൾ സർക്കാരിന് സമർപ്പിക്കുമെന്നും ഹിയറിങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച എഡിഎം എസ് ശ്രീജിത്ത് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ നിർദിഷ്‌ട പദ്ധതിയുടെ പാരിസ്ഥിതീക പഠനത്തിന്റെ റിപ്പോർട്ട് ഹിയറിങ്ങിൽ എൻവയോൺമെന്റൽ എഞ്ചിനീയർ സ്മിത സേവ്യർ വായിച്ചു. തുടർന്നാണ് ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്ഷണിച്ചത്.
ഭരണ ഭാഷ മലയാളം ആയിരിക്കെ സാധാരണക്കാർക്ക് വശമില്ലാത്ത ഇംഗ്ലീഷ് ഭാഷയിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് വിവരങ്ങൾ മറച്ചു വെക്കൽ ആണെന്നും മലയാളത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ചാരുവേലി സ്വദേശി പ്രസാദ് ആവശ്യപ്പെട്ടു. പാരിസ്ഥിതീക ആഘാത പഠനം നടത്താൻ കേന്ദ്ര അനുമതി ലഭിക്കും മുമ്പേ പഠനം നടത്തിയെന്നും പ്രസാദ് ആക്ഷേപം ഉന്നയിച്ചു. ഹൈക്കോടതി തടഞ്ഞിരിക്കുന്ന പദ്ധതിയ്ക്ക് ഹിയറിങ്ങ് നടത്തുന്നതെന്ന് നിയമവിരുദ്ധമാണെന്നും പ്രസാദ് ആക്ഷേപം ഉന്നയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ടിൽ പദ്ധതി പ്രദേശത്ത് തണ്ണീർത്തടങ്ങൾ ഇല്ലന്നുള്ളത് കളവാണെന്ന് ഹിയറിങ്ങിൽ ആക്ഷേപം ഉയർന്നു. മിനി ആന്റണി കോട്ടയം ജില്ലാ കളക്ടർ ആയിരിക്കെ എരുമേലി, മണിമല പഞ്ചായത്തുകൾക്ക് ചെറുവള്ളി എസ്റ്റേറ്റിലെ തണ്ണീർത്തടങ്ങൾ ഉൾപ്പടെ ഏറ്റെടുത്തു നടത്താൻ ഫണ്ട് അനുവദിച്ചതിന്റെ രേഖ ഹിയറിങ്ങിൽ തെളിവായി സമർപ്പിച്ചാണ് ആക്ഷേപം ഉന്നയിച്ചത്.
രണ്ട് കോടി 80 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് ഇടിച്ചു നിരത്തി എടുത്തു മാറ്റേണ്ടി വരുമെന്നാണ് പദ്ധതി റിപ്പോർട്ടിൽ ഉള്ളതെന്നും ഇത് ഗുരുതരമായ പരിസ്ഥിതി നാശം സൃഷ്‌ടിക്കുമെന്നും ഹിയറിങ്ങിൽ ആക്ഷേപം ഉയർന്നു. 172 മീറ്റർ ഉയരമുള്ള കുന്നുകൾ ആണ് ഇടിച്ചു നിരത്തേണ്ടി വരുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. പദ്ധതി നിർമാണത്തിന് ഒരു ദിവസം 51 ലക്ഷം ലിറ്റർ വെള്ളം വേണമെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ പകുതി വെള്ളം ജല അതോറിറ്റി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബാക്കി വെള്ളം എവിടെ നിന്ന് കണ്ടെത്തുമെന്ന് റിപ്പോർട്ടിൽ ഇല്ല. ഇക്കാര്യം ഹിയറിങ്ങിൽ ആക്ഷേപമായി ഉയർന്നു.
പദ്ധതി നിർമാണം പൂർത്തിയായാൽ പ്രദേശം ശക്തമായ കാറ്റിന്റെ ഭീഷണിയിലാകുമെന്ന് ഹിയറിങ്ങിൽ ആക്ഷേപം ഉന്നയിച്ച് സംസാരിച്ച തോമസ് തോപ്പിൽ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റ് ഇടിച്ചു നിരത്തി ലെവൽ ചെയ്ത് എടുക്കുമ്പോൾ പരിസര പ്രദേശങ്ങൾ വലിയ മൺ തിട്ടയിലായി മാറി ഉയർന്ന പ്രദേശമായി മാറുമെന്നും കാറ്റ് ഭീഷണി ആകുമെന്നും മഴ കുറയുമെന്നും വെള്ളം വറ്റുമെന്നും ഇതോടൊപ്പം ആക്ഷേപം ഉയർന്നു. പക്ഷികളുടെ ആവാസ വ്യവസ്ഥ തകരുമെന്നും ആക്ഷേപം ഉയർന്നു. ശബരിമല തീർത്ഥാടനത്തിലെ പേട്ടതുള്ളൽ ആചാരത്തിൽ വിശ്വാസപ്രകാരമുള്ള കൃഷ്ണ പരുന്തിന്റെ സാന്നിധ്യം ഉൾപ്പടെ ഭീഷണിയിലാകുമെന്നുള്ള ആശങ്കയും ഹിയറിങ്ങിൽ പങ്ക് വെയ്ക്കപ്പെട്ടു. പദ്ധതി വന്നാൽ അപൂർവ ഇനമായ ചെറുവള്ളി പശുക്കൾ ഇല്ലാതാകുമെന്നിരിക്കെ ഇവയുടെ സംരക്ഷണം സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശം പോലുമില്ലന്ന് ആക്ഷേപം ഉയർന്നു. ടൗൺഷിപ്പ് ആക്കാനാണ് എസ്റ്റേറ്റിനോട് ചേർന്നുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുന്നതെന്ന റിപ്പോർട്ടിലെ നിർദേശം പ്രവർത്തികമാക്കാനാവില്ലന്ന ആക്ഷേപവും ഉയർന്നു. നഷ്‌ട പരിഹാര പാക്കേജ് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളും ഹിയറിങ്ങിൽ ഉയർന്നു. എങ്ങുമെത്താതെ പദ്ധതി അനിശ്ചിതമായി നീളുന്നത് മൂലം സ്ഥലം വിൽക്കാനോ വാങ്ങാനോ വായ്പ എടുക്കാനോ ഒന്നിനും കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ വലയുകയാണെന്നും പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലത്തിലും കൂടുതൽ ഉള്ള ചെറുവള്ളി എസ്റ്റേറ്റ് മാത്രം ഏറ്റെടുത്ത് പദ്ധതി നടത്തണമെന്നും ഹിയറിങ്ങിൽ ആവശ്യം ഉയർന്നു. പൊതുജനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ കൂടാതെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതിയുടെ കൺസൽട്ടിങ് ഏജൻസിയായ ലൂയി ബഗർ പ്രതിനിധികളും സർവേ വിഭാഗം ഉദ്യോഗസ്ഥരും ഹിയറിങ്ങിൽ പങ്കെടുത്തു.
