ആരോഗ്യമന്ത്രി വീണാ ജോർജിനെ അപായപെടുത്തുവാനുള്ള നീക്കമെന്നു സിപിഎം ; കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി.
കാഞ്ഞിരപ്പള്ളി : കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം. കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റി സിപിഎമ്മിന്റെ മുൻനിര നേതാക്കൾ അടക്കമുള്ളവർ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ അപായപെടുത്തുവാനുള്ള നീക്കമായിരുന്നുവെന്ന് ആരോപിച്ച് സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് സിപിഎം ആഹ്വാനം ചെയ്‌തിരുന്നു.
സിപിഎമ്മിലെ ഷമീം അഹമ്മദ്, പി കെ നസീർ, അജാസ് റഷീദ്, സജിൻ വട്ടപ്പള്ളി, ബി ആർ അൻഷാദ്, ടി കെ ജയൻ, വി പി ഇസ്മായിൽ, ഡിവൈഎഫ്ഐയിലെ ലിനു കെ ജോൺ, ജാസർ ഈ നാസർ, സഹിദ്, എസ്എഫ്ഐ യിലെ അസ്ലം മുഹമ്മദ്,അമൽ ഡോമിനിക്ക് എന്നീ നേതാക്കൾ പ്രതിഷേധമാർച്ചിന്റെ ഭാഗമായി. സിപിഎം പ്രവർത്തകരുടെ വലിയനിര പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. കെ.എസ്.യു വിനെതിരേയും കോൺഗ്രസിനെതിരേയും മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് പ്രകടനം ഉദ്‌ഘാടനം ചെയ്തു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിലുള്ള നീചമായ ആക്രമണമാണ് ഒരു വനിതാ മന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു . കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിലെയും യുവജന സംഘടനയിലെയും ക്രിമിനലുകൾ ആസൂത്രിതമായി നടത്തിയ ആക്രമണമാണിത്. മന്ത്രിയുടെ വീട് ആക്രമിച്ചതിന്റെ തുടർച്ചയാണിത്. മന്ത്രി വീണാ ജോർജിന്റെ കയ്യിലും കഴുത്തിലും പരിക്കുപറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ നിലയ്ക്കുനിർത്താനുള്ള കെൽപ്പ് യുഡിഎഫിന് ഇല്ല. ഈ ക്രൂരമായ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം ജനാധിപത്യപരമായ പ്രതിരോധം ഉയർന്നുവരുമെന്നും നേതാക്കൾ പറഞ്ഞു ,
