KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നു.

എരുമേലി : അന്യസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിച്ച് നാലാം ക്ലാസ്സ്‌ പരീക്ഷ എഴുതിപ്പിക്കാൻ എരുമേലിയിൽ സാക്ഷരത മിഷൻ സർവേ തുടങ്ങി. ബംഗാൾ, ഒറീസ, ആസാം, രാജസ്ഥാൻ, ചത്തീസ്ഗഡ് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം അതിഥി തൊഴിലാളികൾ എരുമേലിയിൽ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇവരിൽ ടൗൺ പരിധിയിൽ ഉള്ള 250 ഓളം പേരെ കണ്ട് പഠിതാക്കൾ ആക്കാനാണ് സർവേ ആരംഭിച്ചത്.

ഒരു മാസം കൊണ്ട് സർവേ പൂർത്തിയാക്കാനാണ് തീരുമാനം. തുടർന്ന് ആറ് മാസം കൊണ്ട് പഠനം നടത്തി നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിക്കുമെന്ന് സാക്ഷരത മിഷൻ കോട്ടയം ജില്ലാ കോർഡിനേറ്റർ മാത്യു പറഞ്ഞു. ഇതിന് ശേഷം ഏഴ്, പത്ത്, പ്ലസ് വൺ പരീക്ഷയ്ക്കുള്ള തുടർ പഠന കോഴ്‌സുകൾ ഉണ്ടാകും. സാക്ഷരത പ്രേരകുമാരായ പി കെ റസാക്ക്, പ്രേമാനന്ദ് എന്നിവർ ആണ് ക്ലാസ് നൽകുക. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്. മുഴുവൻ ചെലവുകളും സാക്ഷരത മിഷൻ വഹിക്കും. സർവേയുടെ ഉദ്ഘാടനം ഇന്നലെ നടന്നു. ഒഴക്കനാട് വാർഡ്‌ അംഗം പി ഡി ദിഗീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സജീവ് ഉദ്ഘാടനം നിർവഹിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :
ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിച്ച് നാലാം ക്ലാസ്സ്‌ പരീക്ഷ എഴുതിപ്പിക്കുന്നതിന് വേണ്ടി എരുമേലിയിൽ ആരംഭിച്ച സർവേ പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സജീവൻ ആദ്യ വിവര ശേഖരണം നടത്തി ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!