പൊന്തൻപുഴ സമരസമിതി : ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ചു.
മണിമല : ആലപ്ര, വളകോടി ചതുപ്പ്, നെടുമ്പുറം ചതുപ്പ് പ്രദേശങ്ങളിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിന് പൊന്തൻപുഴ സമരസമിതി വിവിധ ആക്ഷൻ കൗൺസിലുകൾക്ക് രൂപം നൽകി.
ആലപ്രയിലെയും ചതുപ്പുകളിലെയും പട്ടയ വിഷയം വ്യത്യസ്തമാണ്. അവക്ക് പ്രത്യേകം ഊന്നൽ ലഭിക്കുന്നതിനാണ് വിവിധ ആക്ഷൻ കൗൺസിലുകൾ രൂപീകരിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
1907ലെ ആലപ്ര വനവിജ്ഞാപനം അനുസരിച്ചുള്ള അതിർത്തി പരിശോധിച്ചാൽ ആലപ്രക്കു പ്രശ്നപരിഹാരം സാധ്യമാകും. വനത്തിന്റെ വടക്കേ അതിർത്തിക്കു പുറത്താണ് ആലപ്രയിലെ മുഴുവൻ കൈവശങ്ങളും. പുളിക്കാൻപാറ തോട്, പൊന്തൻപുഴ തോട്, ഇവക്കിടയിൽ ആലപ്രയിലെ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കി നിർമിച്ച ലൈൻ കട്ട് ഇവയാണ് റിസർവിന്റെ വടക്കേ അതിർത്തി. വനത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുളിക്കാൻപറ തോട്ടിൽ നിന്ന് ആരംഭിക്കുന്ന ലൈൻ കട്ട് രാമനാനി തൈക്കാവ് മുസ്ലിം പള്ളിക്കു സമീപം വച്ചാണ് പൊന്തൻപുഴ തോടുമായി സന്ധിക്കുന്നത്. സർവ്വേ കല്ലുകൾ, ജണ്ടകൾ ഇവ സ്ഥാപിച്ചും ഇരുവാ കൈയ്യാല നിർമിച്ചും നോട്ടിഫിക്കേഷൻ കാലം മുതൽ മാറ്റം കൂടാതെ ഈ ലൈൻ കട്ട് സംരക്ഷിച്ചുവരുന്നു.
പഴയ തിരുവിതാംകൂർ സെറ്റിൽമെറ്റിൽ മണിമല വില്ലേജിലെ സർവ്വേ 111/1ൽ ഉൾപ്പെട്ട 1374.73 ഏക്കർ ഭൂമി വനം എന്ന് രേഖപ്പെടുത്തിയതാണ് കർഷകരുടെ ഭൂമി വനത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണക്ക് ഇടയാക്കിയത് . എന്നാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിന് 1972ൽ സർവ്വേ വകുപ്പ് സപ്ലിമെന്റ് ലിത്തോ മാപ്പ് തയ്യാറാക്കി. കർഷകരുടെ ഭൂമി ഇപ്പോൾ 111/9 മുതൽ 111/263 വരെയുള്ള നമ്പറുകളിലാണ് സ്ഥിതിചെയ്യുന്നത്. വനത്തിൽ ഉൾപ്പെട്ടത് സർവ്വേ 111/1ലെ ഭൂമി മാത്രമാണ്. ഇതുമായി കർഷകരുടെ ഭൂമിക്ക് ബന്ധമില്ല.
മാത്രമല്ല ആലപ്രയിലെ 8 ഹെക്ടർ ഭൂമിക്ക് 1969 നു മുൻപുതന്നെ പട്ടയം ലഭിച്ചിട്ടുമുണ്ട്. 1977ലെ റീ സർവ്വേ പ്രകാരമുള്ള ലാൻഡ് രജിസ്റ്ററിൽ പുരയിടം എന്നും കൈവശക്കാരുടെ പേരും രേഖപ്പെടുത്തിയ ഭൂമി പിന്നീട് ബി. ടി. ആർ- ൽ ആർ എഫ്. ( വനം ) എന്ന് എഴുതിയത് ദുരൂഹവുമാണ്. ഫീൽഡിൽ പരിശോധിക്കണം എന്ന ലാൻഡ് റവന്യൂ കമ്മീഷണറുടെ 2024 ഡിസംബറിലെ ഉത്തരവ് നടപ്പിലാക്കി പ്രശ്നപരിഹാരം കാണണമെന്നാണ് ആലപ്ര നിവാസികളുടെ ആവശ്യം.
എംഎൽഎ ഡോ എൻ. ജയരാജ് ഇടപെട്ട് ഡിജിറ്റൽ സർവേയുടെ ഉപരി പരിശോധനയ്ക്കുള്ള സൂപ്പർ ടീമിനെ നിയമിക്കാനുള്ള ധാരണയിൽ എത്തിയെങ്കിലും അതിന്റെ പ്രൊസീഡിങ്സ് ഇനിയും വൈകുകയാണ്.
വളകോടി- കലപ്പക്കോടി, നെടുമ്പുറം ചതുപ്പുകൾ വനത്തിന്റെ ഉള്ളിലാണ് കാണപ്പെടുന്നതെങ്കിലും അവ റവന്യൂ ഭൂമിയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു. 1947ലെ തിരുവിതാംകൂർ കുത്തകപ്പാട്ട നിയമം അനുസരിച്ചു പട്ടിക ജാതി വിഭാഗങ്ങൾക്ക് ലഭിച്ച ഭൂമിയാണ് ഈ ചതുപ്പുകൾ. 1955വരെ ഇതിനു കുത്തകപ്പാട്ടം അടച്ച രസീതുകൾ കർഷകർ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. 1955 ൽ സർക്കാർ ഉത്തരവിലൂടെ കുത്തകപ്പാട്ട ഭൂമികൾ റവന്യൂ വകുപ്പിന് കൈമാറി. ചതുപ്പുകൾ പ്രത്യേകം അളന്നു സർവ്വേ കല്ലുകളും ജണ്ടകളും സ്ഥാപിച്ചു വനത്തിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്. വളകോടി ചതുപ്പിനും കലപ്പക്കോടി ചതുപ്പിനും നെടുമ്പുറം ചതുപ്പിനും പ്രത്യേകം റീ സർവ്വേ നമ്പരുകൾ നൽകിയിട്ടുണ്ട്. ചതുപ്പ് നിവാസികൾക്ക് റവന്യൂ വകുപ്പ് കൈവശരേഖയും നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ഈ തെളിവുകൾ എല്ലാം ഉണ്ടായിരിക്കെ ചതുപ്പുകൾ വനഭൂമി ആണെന്ന് ഡിജിറ്റൽ സർവേയിൽ രേഖപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫീൽഡ് പരിശോധന നടത്തി കേരള ഭൂമി പതിവു ചട്ടം അനുസരിച്ച് പട്ടയം അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ജോസ് കോട്ടയിൽ, സിറാജ് മാടക്കാലിൽ, ജോയി തെക്കേമുറിയിൽ, അശോക് ആനിപ്പള്ളിൽ ആലപ്ര ആക്ഷൻ കൗൺസിലിനു നേതൃത്വം നൽകും. സതീഷ് വി.കെ, റോയ് ദേവ്, ഓ. ജി. ശാന്തമ്മ, എം. ബി. രാജൻ നയിക്കുന്ന 18 അംഗ എക്സിക്യൂട്ടീവ് വളകോടിചതുപ്പിലെയും ബാബു കെ. സി. നെടുമ്പുറം ചതുപ്പിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. യോഗത്തിൽ എം. എസ്. കുഞ്ഞുമോൻ ആധ്യക്ഷ്യം വഹിച്ചു. പി. ജി. പ്രകാശ്, രാജു വി. കെ. പ്രസംഗിച്ചു.
മണിമല വില്ലേജിലെ കൈവശകർഷകരുടെ ഭൂമി വനത്തിൽ ഉൾപ്പെട്ടതാണെന്ന തെറ്റിദ്ധാരണ പൊന്തൻപുഴ വനം കയ്യടക്കാനുള്ള ശ്രമങ്ങൾ തുടരുന്ന മാഫിയ ബോധപൂർവ്വം വളർത്തിയെടുത്തതാണെന്നും കർഷകരുടെ ഭൂമി വനം സംബന്ധിച്ച കേസുമായി ഒരുവിധത്തിലും ബന്ധപ്പെടുന്നില്ലെന്നും എന്തുവിലകൊടുത്തും കർഷകരുടെ അവകാശങ്ങളും വനഭൂമിയുടെ സുരക്ഷയും ഉറപ്പുവരുത്തുമെന്നും പൊന്തൻപുഴ സമരസമിതി വക്താവ് ജയിംസ് കണ്ണിമലയും കൺവീനർ സന്തോഷ് പെരുമ്പെട്ടിയും അറിയിച്ചു.
