ഭൂമിയിലെ പതിച്ചുനൽകിയ ക്വാറികൾ വീണ്ടും തുറക്കാം; അപേക്ഷ സ്വീകരിച്ചു തുടങ്ങി.പുതിയ ക്വാറികൾ തുടങ്ങാൻ അനുവാദമില്ല
പതിച്ചുനൽകിയ ഭൂമിയിൽ പ്രവർത്തിച്ചിരുന്ന ക്വാറികൾ വീണ്ടും തുറക്കാൻ അനുമതി. ക്വാറി പ്രവർത്തനത്തിന് ആവശ്യമായ എല്ലാ ലൈസൻസുകളും ലഭിച്ചവരിൽനിന്ന്, പതിച്ചുനൽകിയ ഭൂമിയിൽ ക്വാറി വീണ്ടും തുറക്കുന്നതിന് ഓഫ് ലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെയാണിത്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ചട്ടപ്രകാരമുള്ള ഫീസ് അടയ്ക്കാമെന്ന സത്യവാങ്മൂലവും ബാങ്ക് ഗാരൻ്റിയും ഉടമകൾ നൽകണം. ഈ ഇളവ് നിലവിലുള്ള ക്വാറികളുടെ ക്രമവത്കരണത്തിന് മാത്രമാണ് ബാധകം. പട്ടയഭൂമിയിൽ പുതിയ ക്വാറികൾ തുടങ്ങാൻ അനുവാദമില്ല.
‘എന്ത് ആവശ്യത്തിനാണോ പതിച്ചുനൽകിയത്, ആ ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ’ എന്നായിരുന്നു 1960-ലെ ഭൂപതിവ് നിയമത്തിൽ പറഞ്ഞിരുന്നത്. ഇതു ലംഘിച്ച് ക്വാറികൾ പ്രവർത്തിപ്പിക്കുന്നതിനെതിരേ രണ്ടുവർഷം മുൻപ് ഹൈക്കോടതി വിധിവന്നിരുന്നു. ഇതേത്തുടർന്ന് ഇത്തരം ക്വാറികൾക്ക് സംസ്ഥാന സർക്കാർ സ്റ്റോപ്പ് മെമ്മോ നൽകി.
ഭൂപതിവ് നിയമത്തിലെ വ്യവസ്ഥകൾ ഇടുക്കി അടക്കമുള്ള ജില്ലകളിലെ ജനങ്ങൾക്ക് ഒട്ടേ റെ നിയമക്കുരുക്കുകൾ ഉണ്ടാക്കുന്നെന്ന പരാതിയെ തുടർ ന്ന് 2024-ൽ നിയമം ഭേദഗതി ചെയ്തു. പട്ടയഭൂമിയിൽ മറ്റ് ആവശ്യങ്ങൾക്ക് അനുമതി നൽകുന്നതാണ് ഭേദഗതി. ഇതിന്റെ ചട്ടം വന്നതിനു പിന്നാലെ ക്രമവത്കരിക്കുന്നതിന് 2024-ൽ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പതിച്ചുനൽകിയ ഭൂമിയിലെ ക്വാറികൾ തുറക്കാൻ ഓൺലൈനായി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി. അതു കൊണ്ടാണ് ഓഫ് ലൈനായി അപേക്ഷ നൽകാൻ അനുമതി നൽകിയത്.
