KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തുന്ന സംഘം അറസ്റ്റിൽ.സംഘത്തിലെ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ.

ആനകല്ല്  പൊന്മല ഭാഗത്ത്‌ താമസിക്കുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ കല്ലമ്പളളി ഡോ. ആന്റണി ജോസഫിന്റെ (ലാലിച്ചൻ) ന്റെ വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 75,000  രൂപയും മൂന്ന് പവന്റെ സ്വർണ്ണാഭരണങളുമാണ് മോഷ്ടിക്കപ്പെട്ടത് .

മുഖംമൂടിയും പർദ്ദയും മറ്റും ധരിച്ച്,  അടഞ്ഞു കിടന്നിരുന്ന വീടിന്റെ മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് കുട്ടി മോഷ്ടാക്കളുടെ  സംഘം മോഷണം നടത്തിയത്.

വീടിന്റെ ചുറ്റുമായി സ്ഥാപിച്ചിട്ടുള്ള 6 സിസിടിവി ക്യാമറകളും വീടിന്റെ പരിസരത്തു കിടന്ന തുണികൾ ഉപയോഗിച്ചു മറച്ച ശേഷം വീടിന്റെ പിന്നിലുണ്ടായിരുന്ന പണി ആയുധങ്ങൾ ഉപയോഗിച്ചാണ് വാതിൽ കുത്തിത്തുറന്നത്.

മൂവർ സംഘത്തിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ. മൂന്നാമൻ 19 വയസ്സുകാരൻ.. ഇവരുടെ പേരിൽ മറ്റു മോഷണ കേസുകളും ഉണ്ട്.

മോഷ്ടിച്ച പണം  ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു കറങ്ങുകയായിരുന്നു ഇവരുടെ രീതി.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ആനക്കല്ല് പൊൻമല ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജിൽ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ വീട്ടിൽ അനിൽകുമാർ മകൻ അജിത്ത് അനിൽ (19). എന്നയാളും മറ്റു രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളും ആണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

മെയ് മാസം 24  പാതിരാത്രി  12.00 മണിയോടുകൂടി ആനക്കല്ല് -പൊടിമറ്റം റോഡിലുള്ള  ഡോ. ആന്റണി  ജോസഫ് എന്നയാളുടെ വീട്ടിൽ ആണ് മോഷണം നടന്നത്. ബാംഗ്ലൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ മോഷണസംഘം ഒരു കാറിൽ അവിടെയെത്തി മുഖംമൂടിയും പർദ്ദയും മറ്റും ധരിച്ച് മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി 75,000 ഓളം രൂപയും മൂന്ന് പവനോളം സ്വർണവും കവർന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു.

തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുള്ളതും ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിസിടിവി ക്യാമറകളും ഫോണുകളും സമീപത്ത് മറ്റ് ഇതുപോലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെയും നിരീക്ഷിച്ചു ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത ഒന്നാം പ്രതിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒരു മോഷണ കേസ് ഉള്ളതാണ്. മോഷണം നടത്തിയെടുത്ത തുകകൾ കൊണ്ടും, സ്വർണാഭരണങ്ങൾ പണയം വച്ചും കിട്ടിയ തുകകൾ ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു കറങ്ങുകയായിരുന്നു ഇവരുടെ രീതി. സമീപകാലത്ത് നടന്ന പെട്ടിക്കടകളുടെ മോഷണങ്ങളും , കിണർ കിണറുകളിൽ നിന്ന് മോട്ടോറുകൾ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളിലും ഇവർ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലാ പോലീസ് മേധാവി എ ഷാഹുൽഹമീദ് ഐപിഎസ്ന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസൺൻ്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ മാരായ, ഗോകുൽ, ഷിജു, അനിൽകുമാർ എംപി, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലുള്ള ജോബി, ഷമീർ, വിമൽ എഎസ്ഐ സിനോ തങ്കപ്പൻ , വിനീത് അരുൺ ബേബി , സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.

error: Content is protected !!