കൂടുതൽ വേതനം ആവശ്യപ്പെട്ട് അതിഥിത്തൊഴിലാളികൾ; നിർമ്മാണ, കൃഷി മേഖലകൾ പ്രതിസന്ധിയിൽ.
അതിഥിത്തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ടതോടെ നിർമാണ, കൃഷി മേഖലകൾ പ്രതിസന്ധിയിലേക്ക്. നാട്ടിൽ തൊഴിലാളികൾക്കു ക്ഷാമമായതോടെ നാളുകളായി അതിഥിത്തൊഴിലാളികളെ ആശ്രയിച്ചാണു നിർമാണ മേഖലയും കൃഷി മേഖലയും മുന്നോട്ടു പോയിരുന്നത്. കോട്ടയം ജില്ലയിൽ നിർമാണ മേഖലയ്ക്കു പുറമേ പൈനാപ്പിൾ കൃഷിയിയിലായിരുന്നു കൂടുതലായി അതിഥിത്തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. തൊഴിൽ വകുപ്പ് നിശ്ചയിച്ചിരുന്ന നിരക്കിനനുസരിച്ചു നിർമാണ മേഖലയിൽ മേസ്‌തിരിക്കു 1000 രൂപയും സഹായിക്കു 840 രൂപയുമാണു നൽകേണ്ടത്. എന്നാൽ ഇതിലും ഉയർന്ന നിരക്കാണു നാളുകളായി നൽകുന്നതെന്നാണു ചെറുകിട കരാറുകാർ പറയുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി പല തൊഴിലാളികളും സ്വന്തം നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവർ മടങ്ങി എത്താൻ വൈകുന്നതോടെ ശേഷിക്കുന്നവർ നേരത്തെ ഉണ്ടായിരുന്നതിൻ്റെ ഇരട്ടി കൂലിയാണ് ആവശ്യപ്പെടുന്നത്. അതിഥിത്തൊഴിലാളികളെ നൽകുന്നതിനും കരാറുകാർ രംഗത്തുണ്ട്. അവരാണ് ഓരോരുത്തർക്കും തൊഴിലിടം വേർതിരിച്ചു നൽകുന്നത്. പ്രതിഫലമായി 100 രൂപ ഓരോരുത്തരിൽ നിന്നു കൈപ്പറ്റും. തൊഴിലാളികളെ പ്രലോഭിപ്പിച്ചു വേതനം നിരക്ക് ഉയർത്തുന്നതും കരാറുകാരാണെന്നാണ് ആക്ഷേപം. മേസ്‌തിരിക്കു 1500 രൂപ വരെയും സഹായിക്കു 1200 രൂപയുമാണ ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഇതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നതായി കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർ വൈസേഴ്‌സ് അസോസിയേഷനും ലൈസൻസ്‌ഡ് എൻജിനീയേഴ്‌സ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷനും ചൂണ്ടിക്കാട്ടി. നേരത്തെ നിശ്ച്‌ചയിച്ച നിരക്കിൽ കരാർ ഉറപ്പിച്ച ജോലികൾ പോലും പൂർത്തിയാകാനാവാത്ത സ്‌ഥിതിയാണെന്നു ഭാരവാഹികൾ പറയുന്നു.. തദ്ദേശ സ്‌ഥാപനങ്ങളുടെ ജോലികളും ലൈഫ് ഭവന പദ്ധതിയിലെ വീടുകളും ഇക്കൂട്ടത്തിലുണ്ട്.
പൈനാപ്പിൾ കർഷകരാണു കൃഷി മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുന്നത്. മറ്റു സംസ്‌ഥാനങ്ങളിലേക്കു കയറ്റി വിടേണ്ട പൈനാപ്പിൾ മൂപ്പെത്തുന്ന ഘട്ടത്തിലാണു വെട്ടി എടുക്കേണ്ടത്. കൃത്യമായ സമയത്തു വെട്ടി എടുത്തില്ലെങ്കിൽ പഴുത്തു പോകും. ഇക്കുറി നിലവിലുണ്ടായിരുന്നതിലും ഇരട്ടി നിരക്കാണു അതിഥിത്തൊഴിലാളികൾ ആവശ്യപ്പെട്ടത്. ഇതോടെ ഹെക്‌ടറുകളോളം കൃഷിയിടങ്ങളിൽ – വിളവെടുപ്പിനു പാകമായ പൈനാപ്പിൾ ചീഞ്ഞു നശിച്ചു.
അതിഥിത്തൊഴിലാളികൾ കൂലി കുത്തനെ വർധിപ്പിക്കുന്നതിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യം. മേഖലയിലെ വിവിധ
പഞ്ചായത്ത് ഭരണസമിതികളും തൊഴിൽ വകുപ്പും പ്രശ്‌നത്തിൽ ഇടപെടണമെന്നാണു കർഷകരും ചെറുകിട കരാറുകാരും ആവശ്യപ്പെടുന്നത്.
